തിരുവനന്തപുരം: നഗരത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. നിയമസഭ സമ്മേളനം ചേരുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണത്തിന് ബേക്കറി ജംഗ്ഷനിലും സെക്രട്ടേറിയറ്റ് അനക്‌സിന് സമീപവും ഡ്യൂട്ടിക്കുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് കടിയേറ്റത്. സെക്രട്ടേറിയറ്റ് അനക്‌സിലെ ജീവനക്കാരനും രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 10ഓടെയാണ് ബേക്കറി ജംഗ്ഷനിൽ ഡ്യൂട്ടി നോക്കിയിരുന്ന എ.ആർ ക്യാമ്പിലെ സി.പി.ഒ ശശിനാഥിന് കടിയേറ്റത്. വൈകിട്ട് നാലോടെയാണ് സെക്രട്ടേറിയറ്റ് അനക്‌സിന് സമീപം നാലുപേരെ തെരുവുനായ കടിച്ചത്. എസ്.എ.പി ക്യാമ്പിലെ സി.പി.ഒ ശരണിനും മറ്റ് മൂന്ന് പേർക്കുമാണ് പരിക്കേറ്റത്. പൊലീസുകാരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.