തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2019ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ബാലശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഡോ. ആർ. പ്രസന്നകുമാറിന്റെ 'ഹൈഡ്രജനും പറയാനുണ്ട്' എന്ന പുസ്തകം അർഹമായി. ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഡോ. വി പ്രസന്നകുമാറിന്റെ 'പ്രകൃതിക്ഷോഭങ്ങളും കേരളവും' എന്ന പുസ്തകം അർഹമായി. മാത്യൂസ് ഗ്ലോറി, സീമ ശ്രീലയം എന്നിവർ ചേർന്നു രചിച്ച 'ജനിതകശാസ്ത്രം' എന്ന പുസ്തകത്തിനാണ് ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള അവാർഡ്.
ശാസ്ത്ര പത്രപ്രവർത്തനത്തിനുള്ള 2019ലെ പുരസ്‌കാരം അശ്വിൻ എസ്, ഡോ. അനിൽകുമാർ വടവാതൂർ എന്നിവർ പങ്കിട്ടു.
ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനത്തിനുള്ള അവാർഡിന് എറണാകുളം തൃപ്പൂണിത്തറ സ്വദേശി പ്രസന്ന കെ. വർമ്മ അർഹയായി.