ആലുവ: ബൈക്ക് മോഷ്ടിച്ച് വിവിധ ഭാഗങ്ങളാക്കി വില്പന നടത്തിയ കേസിൽ പതിനഞ്ചുകാരൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. വടക്കേക്കര കളരിക്കൽ അമ്പലത്തിന് സമീപം മലയിൽവീട്ടിൽ ആരോമൽ (19), കുഞ്ഞിത്തൈ വടക്കേകടവ് മുല്ലശേരി വീട്ടിൽ സതീഷ് (22), പതിനഞ്ചുകാരൻ എന്നിവരെ ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ മാസം 12നാണ് കൊടികുത്തുമല സ്വദേശിയുടെ ബൈക്ക് അശോകപുരം കൊച്ചിൻബാങ്ക് കവലയിൽ നിന്നും ഇവർ മോഷ്ടിച്ചത്. ആരോമലിനെതിരെ ചാലക്കുടി, നെടുമ്പാശേരി, വാരാപ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാന മോഷണക്കേസും പീഡനക്കേസുമുണ്ട്. സതീഷ് വടക്കേക്കര പൊലീസ് സ്റ്റേഷനിലുള്ള കൊലപാതകശ്രമക്കേസിലും പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. മോഷണവസ്തു വിറ്റുകിട്ടുന്ന പണം ആഢംബര ജീവിതത്തിനാണ് പ്രതികൾ ഉപയോഗിക്കുന്നത്. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.
മോഷ്ടാക്കളെ പിടികൂടുന്നതിന് ആലുവയിലും പരിസരങ്ങളിലും പ്രത്യേക പടോളിംഗ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. മോഷണവുമായി ബന്ധപ്പെട്ട് പത്തോളം പേരെ ആലുവയിൽ രണ്ടു മാസത്തിനകം പിടികൂടിയിട്ടുണ്ട്. അന്വേഷണസംഘത്തിൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എസ്. രാജേഷ്, എസ്.ഐ ആർ. വിനോദ്, എ.എസ്.ഐമാരായ എം.കെ. ബിജു, എ. ജൂഡ്, രാജേഷ് കുമാർ, എസ് സി പി. ഒ. നവാബ്, സി.പി.ഒ എൻ.എ. മുഹമ്മദ് അമീർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.