കാട്ടാക്കട:പക്ഷിപ്പനിയാകാം, ഗ്രാമീണ മേഖലകളിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇതോടെ ,കോഴി കച്ചവടക്കാരും പ്രദേശവാസികളും ആശങ്കയിലായി. നാടൻ കോഴികളും ഇറച്ചിക്കോഴികളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്. ഇതെല്ലാം കർഷകർ തന്നെ വെട്ടിമൂടുകയാണ്. ഓരോരുത്തർക്കും ലക്ഷങ്ങളാണ് നഷ്ടമാകുന്നത്. വ്യാപകമായി കോഴികൾ ചത്തിട്ടും ആരോഗ്യവകുപ്പോ മൃഗസംരക്ഷണ വകുപ്പോ അറിഞ്ഞ മട്ടില്ല.
ഫാമുകളിൽ കുഴഞ്ഞുവീണ കോഴികളെയും ചത്ത കോഴികളെയും കണ്ട് ഭീതിയിലായ ഫാം ഉടമകൾ കുഴിയെടുത്തു മൂടിയത് പതിനായിരത്തോളം കിലോ കോഴികളെയാണ്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പലർക്കും നഷ്ടമായിരിക്കുന്നത്. വായ്പയെടുത്താണ് ചെറുകിട ഫാം ഉടമകൾ കോഴി വളർത്തി ജീവിതം നയിക്കുന്നത്. ഇവരെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.
കാട്ടാക്കട,പൂവച്ചൽ,കട്ടക്കോട്,കരിയംകോട്,പ്ലാവൂർ, ആമച്ചൽ,പന്നിയോട്,കല്ലാമം,കളിയാക്കോട്,പുല്ലുവിളാകം തുടങ്ങിയ പ്രദേശങ്ങളിലാകെ ആശങ്കയാണ്. സ്വന്തം ഭൂമിയിലോ പാട്ടത്തിനെടുത്ത ഭൂമിയിലോ ഫോം നിർമ്മിച്ചാണ് കോഴി കർഷകർ രംഗത്തുവരുന്നത്. കിലോയ്ക്ക് ആറു രൂപവരെ കൂലിക്കായി ഇറച്ചിക്കോഴികളെ വളർത്തി മൊത്ത കച്ചവടക്കാർക്ക് നൽകുന്നവരും, കോഴിക്കുഞ്ഞിനെ വാങ്ങി സ്വന്തം നിലയ്ക്ക് തീറ്റയും വാക്സിനേഷനും നൽകി വളർത്തി ചില്ലറ കച്ചവട സ്റ്റാളുകളിൽ എത്തിച്ച് വിൽപ്പന നടത്തുന്നവരുമുണ്ട്. മുട്ടയ്ക്കായും, വിൽപ്പനയ്ക്കായും ഒക്കെ വീടുകളിൽ അഞ്ചു മുതൽ പതിനഞ്ചോളം നാടൻ കോഴികളെ വരെ വളർത്തിയിരുന്നതും മിക്കയിടങ്ങളിലും ചത്തു. ചിലയിടങ്ങളിൽ പ്രാവുകളും ലവ് ബേർഡുകളും ചത്തതായി റിപ്പോർട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ വിവിധ ഇടങ്ങളിലായി പതിനായിരത്തോളം കിലോ ഇറച്ചിക്കോഴികളെയാണ് വെട്ടിമൂടിയത്. കൂടുതൽ കോഴികളിലേക്ക് വ്യാപിക്കാതിരിക്കാൻ ചെറുകിട ഫാമുടമകൾ ചത്ത കോഴികളെ രഹസ്യമായി വെട്ടി മൂടുകയാണ്. ഇതിനു ശേഷം ,കോഴികളെ വളർത്താനായി ഇവർ ഏറ്റെടുത്തിട്ടില്ല.