തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും മികച്ച പൊലീസിംഗിനും നൂതന പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം, മോഷണം, കവർച്ച തുടങ്ങിയവയെല്ലാം പെരുകുകയാണ്. 2019ൽ 276 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ലോക്ക് ഡൗണും പൊലീസിന്റെ കർശന നിയന്ത്രണങ്ങളും ജാഗ്രതയുമുണ്ടായിട്ടും ഇക്കൊല്ലം നവംബർ അവസാനംവരെയുള്ള കണക്കനുസരിച്ച് കണക്കിൽ 281പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 21 കുട്ടികളും ഉൾപ്പെടുന്നു.
ഡിസംബറിലെ കണക്കുകൂടി പുറത്തുവരുമ്പോൾ മുൻവർഷത്തേക്കാൾ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ കണക്ക് വീണ്ടും കൂടാനാണ് സാദ്ധ്യത. സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിൽ നേരിടേണ്ടിവന്ന പീഡനങ്ങളിൽ നേരിയ കുറവുണ്ടായപ്പോൾ ലോക്ക് ഡൗണിന് മുമ്പും ശേഷവും ഗാർഹിക പീഡനങ്ങളിൽ കാര്യമായ കുറവുണ്ടായിട്ടില്ല. മാനഭംഗം,തട്ടിക്കൊണ്ടുപോകൽ,സ്ത്രീധന പീഡനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1,13,811 കുറ്റകൃത്യങ്ങളാണ് ഇത്തവണ റിപ്പോർട്ട് ചെയ്തി
രിക്കുന്നത്. സംസ്ഥാനത്ത് ചെറുതും വലതുമായി കഴിഞ്ഞവർഷം 4,53,074 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇത്തവണ 5,26,476 ആയാണ് കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഉയർന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ ഏറ്രവും ഉയർന്ന നിരക്കാണിത്.
കുറ്റകൃത്യങ്ങളും കേരളവും
(2020നവംബർ വരെ, കഴിഞ്ഞവർഷത്തെ കണക്ക് ബ്രായ്ക്കറ്റിൽ)
കൊലപാതകം: 281 (276)
കൊലപാതകശ്രമം: 797 (673)
കുറ്റകരമായ നരഹത്യ: 84 (75)
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ
കുട്ടികൾ കൊല്ലപ്പെട്ടത്: 21 (22)
ബലാത്സംഗം: 1,842 (2015)
തട്ടിക്കൊണ്ടുപോകൽ: 273 (297)
പ്രായപൂർത്തിയാകാത്ത കുട്ടികൾ പീഡിപ്പിക്കപ്പെട്ടത്: 971 (1045)
സ്ത്രീധന പീഡന മരണം: 8 (16)
ലൈംഗിക അതിക്രമം: 472(460)
ഗാർഹിക അതിക്രമം: 2204 (2048)
മോഷണം ഭവനഭേദനം
മോഷണം: 3,829 (3,551)
കൂട്ടായ്മ കവർച്ച:73(70)
കവർച്ച: 879(890)
ഭവനഭേദനം: 2,694(2,407)
ആക്രമിച്ച് പരിക്കേൽപ്പിക്കൽ: 16,504(15,977)
കള്ളനോട്ട്: 28 (42)
തീവെയ്പ്: 294 (303)
കലാപം: 2,819(4,441)
സ്ത്രീകൾക്കെതിരായ കുറ്റകൃത്യം: തിരുവനന്തപുരം മുന്നിൽ
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ തിരുവനന്തപുരമാണ് ഏറ്റവും മുന്നിൽ. നഗരത്തിലും റൂറൽ പൊലീസ് ജില്ലയിലുമായി 2,329 കേസുകളാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത്. എറണാകുളവും തൃശൂരും മലപ്പുറവുമാണ് അതിന് പിന്നിൽ. വയനാടാണ് ഏറ്റവും കുറവ്. 377 കേസുകളാണ് നവംബർ വരെ അവിടെ റിപ്പോർട്ട് ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ:
തിരുവനന്തപുരം: 2329
കൊല്ലം: 957
പത്തനംതിട്ട: 526
ആലപ്പുഴ: 749
കോട്ടയം: 544
ഇടുക്കി: 356
എറണാകുളം: 1,398
തൃശൂർ: 1,209
പാലക്കാട്:553
മലപ്പുറം: 1,149
കോഴിക്കോട്: 975
വയനാട്: 377
കണ്ണൂർ: 666
കാസർകോട്: 403