തിരുവനന്തപുരം: നാഷണൽ ഗെയിംസിൽ മെഡൽ നേടിയവർക്ക് ജോലി നൽകാമെന്ന സർക്കാർ വാഗ്‌ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് കായിക താരങ്ങൾ രണ്ടാം ദിവസവും സെക്രട്ടേറിയറ്ര് മാർച്ച് നടത്തി. 35-ാമത് ദേശീയ ഗെയിംസിൽ സംസ്ഥാനത്തിന് വേണ്ടി വെള്ളി, വെങ്കല മെഡലുകൾ നേടിയ 84 പേരെ ജോലി നൽകാതെ ആറു വർഷമായി വഞ്ചിക്കുകയാണെന്നാരോപിച്ചാണ് കൈക്കുഞ്ഞുങ്ങളുമായി വനിതാ കായികതാരങ്ങളടക്കം സമരത്തിനെത്തിയത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും അനുവാദം ലഭിക്കാത്തതിനെ തുടർന്നാണ് ഇന്നും സമരം നടത്തിയത്. നാഷണൽ ഗെയിംസിന്റെ ജഴ്‌സിയും മെഡലുകളും അണിഞ്ഞായിരുന്നു സമരം. ഇന്നലെ മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാൽ ഇവർ ഓഫീസിലെത്തി പ്രൈവറ്റ് സെക്രട്ടറിയെക്കണ്ട് നിവേദനം നൽകി. 12 ന് ഡിപ്പാർട്ട്മെന്റ് തലവന്മാരുടെ യോഗത്തിൽ ഇവരുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് ഓഫീസിൽ നിന്ന് അറിയിച്ചതായി കായികതാരങ്ങൾ പറഞ്ഞു. തിങ്കളാഴ്ചയും സമരം തുടരും.