കോവളം :ടൂറിസം കേന്ദ്രമായ കോവളം ബീച്ചിലും പരിസരത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ സഞ്ചാരികൾ വലയുന്നു. തീരത്തും പരിസരത്തുമായി ആക്രമണകാരികളായി അൻപതിലധികം നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ സ്വദേശികളും വിദേശികളുമടക്കമുള്ള ടൂറിസ്റ്റുകൾക്കും മറ്റ് നിരവധിപേർക്കും നായ്ക്കളുടെ കടിയേറ്റിരുന്നു. ഒരു സബ് ഇൻസ്പെക്ടറും വനിതാപൊലീസുമടക്കം നാല് പൊലീസുകാരും കടിയേറ്റവരിൽ ഉൾപ്പെടും. മത്സ്യക്കച്ചവടക്കാരായ രണ്ട് സ്ത്രീകൾക്കും ആക്രമണത്തിൽ പരിക്കേറ്റു.
കഴിഞ്ഞ ദിവസം തീരത്തിലൂടെ നടന്നുപോകുകയായിരുന്ന വിദേശ വിനോദസഞ്ചാരികൾക്കു നേരെയും തെരുവ് നായ്ക്കൾ പാഞ്ഞടുത്തെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ഇവയെ വിരട്ടി ഓടിച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭാ ഉദ്യോഗസ്ഥർ എത്തി ഇവയെ പിടികൂടാൻ ശ്രമിച്ചാൽ തെരുവ് നായ്ക്കളുടെ സംരക്ഷകരെന്ന പേരിൽ പ്രവർത്തിക്കുന്ന ചിലർ ഇത് തടസപ്പെടുത്തുന്നതായി ആക്ഷേപവും ഉയർന്നിട്ടുണ്ട്.
തീരത്തിന് തിരിച്ചടി
കോവളമടക്കമുള്ള സ്ഥലങ്ങളിൽ തെരുവ് നായ്ക്കളുടെ ആക്രമണം തടയാൻ ഫലപ്രദമായ നടപടി ഉണ്ടായില്ലെങ്കിൽ ടൂറിസ്റ്റുകൾ അകന്നുപോയി ടൂറിസം മേഖലയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് മേഖലയിലെ കച്ചവടക്കാരും റിസോർട്ട് അടക്കമുള്ള സ്ഥാപന ഉടമകളും ഭയപ്പെടുന്നത്. അലഞ്ഞു തിരിയുന്ന നായ്ക്കളിൽ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നതിലുണ്ടാകുന്ന കാലതാമസവും ഭീഷണി ഇരട്ടിയാക്കുന്നു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും തെരുവുനായ ശല്യത്തിൽ നിന്ന് തീരത്തെ രക്ഷിക്കാൻ നഗരസഭ അധികൃതർ തയ്യാറാകണമെന്നുമാണ് സഞ്ചാരികളും തീരത്തെ കച്ചവടക്കാരും ആവശ്യപ്പെടുന്നത്.