നെടുമങ്ങാട്: നീതി യഥാസമയം ലഭിക്കാതിരിക്കുന്നത് നീതിനിഷേധത്തിന് തുല്യമാണന്നും കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കേസിലെ ഇരകൾക്ക് പെട്ടെന്ന് നീതി ലഭ്യമാക്കുന്നതിനുവേണ്ടിയാണ് നെടുമങ്ങാട് പോക്സോ കോടതി ആരംഭിക്കുന്നതെന്നും കേരള ഹൈക്കോടതി സീനിയർ ജഡ്ജ് എ.എം. ഷഫീക്ക് പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) ജില്ലാ കോടതി നെടുമങ്ങാട് നെട്ട കമ്മ്യൂണിറ്റി ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകെ 28 പോക്സോ കോടതികൾ ആരംഭിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ജില്ലാ ഇഡ്ജ് കെ. ബാബുവിന്റെ അദ്ധ്യക്ഷതയിൽ അടുർ പ്രകാശ് എം.പി, സി. ദിവാകരൻ എം.എൽ.എ, തിരുവനന്തപുരം സി.ജെ.എം ജയകൃഷ്ണൻ, നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജ, മുൻ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വാർഡ് കൗൺസിലർ വിനോദിനി, ബാർ അസോസിഷൻ സെക്രട്ടറി അഡ്വ. എം. തുളസിദാസ്, നഗരസഭാ സെക്രട്ടറി ഷെറി എന്നിവർ സംസാരിച്ചു. നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കോലിയക്കോട് മോഹൻ കുമാർ സ്വഗതവും കുടുംബകോടതി ജഡ്ജ് ജെ. നാസർ നന്ദിയും പറഞ്ഞു. നെടുമങ്ങാട് കോടതി സമുച്ചയത്തിൽ സജ്ജമാക്കിയ മീഡിയേഷൻ ഹാൾ ഉദ്‌ഘാടനവും ജഡ്ജ് എ.എം. ഷഫീക്ക് നിർവഹിച്ചു.