തിരുവനന്തപുരം: "ആദ്യം തോന്നിയത് ഭയമായിരുന്നു, പിന്നീട് എങ്ങനെയെങ്കിലും അതിനെ രക്ഷപ്പെടുത്തണമെന്ന് ഉറപ്പിച്ചു. ഒടുവിലത് കടലിലേക്ക് മടങ്ങിയപ്പോൾ ഞങ്ങൾക്കെല്ലാവർക്കും സന്തോഷമായി. പിറ്റേന്ന് ഉദ്യോഗസ്ഥർ ഞങ്ങളെ തേടിയെത്തുകയും അഭിനന്ദിക്കുകയും ചെയ്തപ്പോഴാണ് ഞങ്ങൾ ചെയ്ത പ്രവൃത്തിയുടെ വലിപ്പം മനസിലായത്." -ശംഖുംമുഖത്ത് വലയിൽ കുടുങ്ങിയ തിമിംഗില സ്രാവിനെ രക്ഷപ്പെടുത്തി കടലിലേക്ക് വിട്ട ജോൺ മാർട്ടിനും ജോയ് ആഞ്ചലോസും പറഞ്ഞു നിറുത്തിയപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞത് അഭിമാനത്തിളക്കം. സാമ്പത്തികനഷ്ടം വകവയ്ക്കാതെ ഇവർ ചെയ്‌ത പ്രവൃത്തിയെ അനുമോദിക്കാൻ വനം വകുപ്പും വൈൽഡ് ട്രസ്റ്റ് ഒഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതികരണം.
ഡിസംബർ നാലിന് ശംഖുംമുഖം കടപ്പുറത്താണ് ഇവരുൾപ്പെട്ട സംഘത്തിന്റെ കമ്പവലയിൽ വംശനാശ ഭീഷണി നേരിടുന്ന മൂന്ന് ടണ്ണോണം ഭാരമുള്ള ഭീമൻ തിമിംഗില സ്രാവ് കുടുങ്ങിയത്. തുടർന്ന് ഇതിനെ വലയറുത്ത് കടലിലേക്ക് വിടുകയായിരുന്നു.
വന്യജീവി സംരക്ഷണനിയമത്തിലെ പട്ടിക ഒന്നിൽ ഉൾപ്പെട്ട ജീവിയാണ് തിമിംഗില സ്രാവ്.
വനംവകുപ്പിന്റെ ആദരമായി പ്രശസ്തി പത്രവും 10000 രൂപ കാഷ് അവാർഡും മുഖ്യ വനംമേധാവി പി.കെ. കേശവൻ ഇവർക്ക് കൈമാറി. വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ പാരിതോഷികമായ 10000 രൂപയുടെ കാഷ് അവാർഡ് ഡബ്ല്യൂ.ടി.ഐ മറൈൻ പ്രോജക്ട്ര് മേധാവി സാജൻ ജോണും തൊഴിലാളികൾക്ക് സമ്മാനിച്ചു.പി.സി.സി.എഫ് ദേവേന്ദ്രകുമാർ വർമ്മ, ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അഞ്ചൻ കുമാർ, ഡബ്ല്യൂ.ടി.ഐ പ്രതിനിധി ജി. സേതു, അജിത് ശംഖുംമുഖം, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മറ്റ് മത്സ്യത്തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കേരള തീരത്ത് ഇത് മൂന്നാം തവണയാണ് തിമിംഗില സ്രാവിനെ രക്ഷപ്പെടുത്തുന്നത്. 2018ൽ മലപ്പുറത്തും 2020 ജനുവരിയിൽ കോഴിക്കോട്ടും തിമിംഗില സ്രാവിനെ രക്ഷപ്പെടുത്തിയിരുന്നു.