തിരുവനന്തപുരം: ജനവാസകേന്ദ്രത്തിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയിലെത്തിക്കാനും പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കാനുമായി വനംവകുപ്പ് ആവിഷ്‌കരിച്ച 'സർപ്പ ആപ്പ്" (സ്‌നേക്ക് അവയർനെസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്ലിക്കേഷൻ) ശ്രദ്ധേയമാകുന്നു. പാമ്പുകളെ കണ്ടാൽ ഈ ആപ്പിൽ രേഖപ്പെടുത്തിയാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും അംഗീകൃത പാമ്പുപിടുത്ത സന്നദ്ധപ്രവർത്തകർക്കും സന്ദേശമെത്തും. ഉടൻ പാമ്പുപിടിത്തക്കാരൻ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിടുകയും ചെയ്യും.
സന്നദ്ധപ്രവർത്തകരുടെ രക്ഷാപ്രവർത്തനം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും ആപ്പിൽ സംവിധാനമുണ്ട്.
അടിയന്തരസാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ, പാമ്പുകടിയേറ്റാൽ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളുടെ ഫോൺ നമ്പർ സഹിതമുള്ള വിവരങ്ങൾ, പരിശീലനം ലഭിച്ച പാമ്പുപിടുത്ത പ്രവർത്തകർ, അതത് സ്ഥലങ്ങളിൽ ഇതു സംബന്ധിച്ച ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നമ്പരുകൾ, അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ, കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയും ആപ്പിൽ ലഭ്യമാണ്. പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരിൽ നിന്ന് വിവരങ്ങൾ അറിയുന്നതിനും ആപ്പിൽ സൗകര്യമുണ്ട്.