mohamed-riyas

കഴക്കൂട്ടം: കൈ ഞരമ്പ് മുറിച്ച് പെരുമാതുറ മുതലപ്പൊഴിയിൽ ചാടിയ വെമ്പായം കുതിരകുളം വടക്കേവിളാകത്ത് വലിയവിള വീട്ടിൽ മുഹമ്മദ് റിയാസിന്റെ (31) മൃതദേഹം ഇന്നലെ വൈകിട്ടോടെ പള്ളിത്തുറ ഉൾക്കടലിൽ കണ്ടെത്തി.

മുതലപ്പൊഴി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കോസ്റ്റൽ പൊലീസെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം കൊവിഡ് പരിശോധനയ്ക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയാണ് റിയാസിനെ കാണാനില്ലെന്ന് ബന്ധുക്കൾ വട്ടപ്പാറ പൊലീസിന് പരാതി നൽകിയത്. പിറ്റേദിവസം രാവിലെ 6 മണിയോടെ റിയാസിന്റെ ബൈക്കും ബാഗും മറ്റു രേഖകളും മുതലപ്പൊഴി പുലിമുട്ടിന് സമീപത്തുനിന്ന് കോസ്റ്റൽ പൊലീസ് കണ്ടെത്തുകയും സമീപത്തെ കരിങ്കല്ല് ഭിത്തിയിൽ രക്തക്കറയും കാണപ്പെട്ടു. രണ്ടു ദിവസമായി തീരദേശ പൊലീസും, മറൈൻ എൻഫോഴ്മെന്റും മത്സ്യത്തൊഴിലാളികളും സംയുക്തമായി തെരച്ചിൽ നടത്തി വരികയായിരുന്നു. മെഡിക്കൽ വിഭാഗത്തിൽ ജോലി നോക്കുന്ന ആശയാണ് ഭാര്യ. നാല് വയസുകാരൻ ഏക മകനാണ്.