തിരുവനന്തപുരം: മൂന്ന് സ്വാശ്രയ കോളേജുകളിൽ എൻ.ആർ.ഐ ക്വാട്ടയിൽ ഒഴിവുള്ള എം.ബി.ബി.എസ് സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള പുതുക്കിയ കാറ്റഗറി ലിസ്റ്ര് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റിൽ ഉൾപ്പെട്ടതും നിലവിൽ എം.ബി.ബി.എസ് പ്രവേശനം നേടിയിട്ടില്ലാത്തതുമായ വിദ്യാർത്ഥികൾ 11ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. അതിന് ശേഷം ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകൾ ജനറൽ മെരിറ്റിലേക്ക് മാറ്റും. ഈ സീറ്റുകളിലേക്ക് പിന്നീട് അലോട്ട്മെന്റ് നടത്തുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ 0471 2525300.
സിവിൽ സർവീസ് മെയിൻ പരീക്ഷ ആരംഭിച്ചു
തിരുവനന്തപുരം: യു.പി.എസ്.സിയുടെ സിവിൽ സർവീസ് മെയിൻ പരീക്ഷ ഇന്നലെ ആരംഭിച്ചു.കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടന്നത്.ജില്ലയിൽ വഴുതക്കാട് വിമൻസ് കോളേജിലും തൈക്കാട് ആർട്സ് കോളേജിലുമാണ് പരീക്ഷ നടന്നത്.ഇന്നലെ രാവിലെ 9നും ഉച്ചയ്ക്ക് 2നുമായി മൂന്ന് മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തിയത്. 9,10,16,17തീയതികളാണ് തുടർ പരീക്ഷ.
സ്പോട്ട് അലോട്ട്മെന്റ് മാറ്റി
തിരുവനന്തപുരം: കേരള സർവകലാശാല 11,12,15 തീയതികളിൽ കൊല്ലം, ആലപ്പുഴ, അടൂർ മേഖലകളിൽ നടത്താൻ തീരുമാനിച്ചിരുന്ന ബിരുദ സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ബി.എഡ് സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ കോളേജുകളിൽ ഒഴിവുള്ള ബിഎഡ് സീറ്റുകളിലേക്ക് 12, 13 തീയതികളിൽ കാര്യവട്ടത്തുള്ള യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ജനറൽ, മറ്റ് സംവരണ വിഭാഗക്കാർക്ക് പങ്കെടുക്കാം. ബി.എഡ് നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ജ്യോഗ്രഫി വിഷയങ്ങൾക്ക് 12നും ബി.എഡ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, അറബിക്, സംസ്കൃതം, കോമേഴ്സ് വിഷയങ്ങൾക്ക് 13നുമാണ് സ്പോട്ട് അലോട്ട്മെന്റ്.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് കൊണ്ടുവരണം. വിദ്യാർത്ഥികൾ രാവിലെ 10ന് ഹാജരാവണം. ഒഴിവുള്ള കോളേജുകളുടെയും സീറ്റുകളുടെയും വിവരം http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിക്കും.