നെടുമങ്ങാട്: അമ്മയെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. കരിപ്പൂര് ഇടമല കാവുംമൂല വല്ലകത്തിൻവിള ഷിജിഭവനിൽ ഷിനിലാണ് (33) നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബന്ധുവായ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ താമസിച്ച് നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 2ന് രാത്രി 8.45ഓടെ വീടിന്റെ ടെറസിൽവച്ച് ഇയാൾ കുട്ടിയെ ആക്രമിക്കുന്നത് അമ്മ നേരിൽക്കണ്ടു. വഴക്കുപറഞ്ഞ് ഇയാളെ പിന്തിരിപ്പിച്ചതിലുള്ള വിരോധത്തിൽ അമ്മയെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ച ശേഷം പെൺകുട്ടിയുമായി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ 4ന് വെളുപ്പിന് പൊലീസ് സ്റ്റേഷൻ പരിസരത്ത് പെൺകുട്ടിയെ ഇറക്കിവിട്ട് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് സി.ഐ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ഷിനിലിനെ അറസ്റ്റുചെയ്‌തത്. എസ്.ഐമാരായ സുനിൽ ഗോപി, പ്രേമ. എസ്, എ.എസ്.ഐ നൂറുൽ ഹസൻ, എസ്.സി.പി.ഒമാരായ ആർ.രാജേഷ് കുമാർ, എം.ആർ. ശ്രീജിത്ത്, സി.പി.ഒമാരായ ആർ.വി. സനൽരാജ്, ബി. ഉണ്ണിക്കൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പോക്സോ കേസ് പ്രകാരം അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്‌തു.