ബങ്കളം (കാസർകോട്): ദേശീയ ഫുട്ബാൾ താരം ആര്യശ്രീയുടെ സ്വന്തമായി വീടെന്ന സ്വപ്നം ഇന്ന് പൂവണിയും. ബങ്കളം രാംകണ്ടത്ത് കായിക വകുപ്പ് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവഹിക്കും. 10 ലക്ഷം രൂപ ചിലവിലാണ് ബങ്കളത്ത് രാജ്യത്തിന്റെ അഭിമാന താരത്തിന് കായിക വകുപ്പ് വീട് ഒരുക്കിയത്. രണ്ട് മുറികൾ, ഹാൾ, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങളോടെ 920 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് വീട്. ബങ്കളത്തെ കൊളക്കാട് കുടിയിൽ ഷാജു ശാലിനി ദമ്പതികളുടെ മകൾ ആര്യശ്രീ ആറാമത്തെ വയസ് മുതൽ പന്ത് തട്ടി വളർന്ന അഭിമാന താരമാണ്. ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിന്റെ പ്രതിരോധ നിര കാക്കുന്ന ആര്യശ്രീ ഭൂട്ടാനിലും മംഗോളിയയിലും ഇന്ത്യക്ക് വേണ്ടി ജേഴ്സിയണിഞ്ഞിട്ടുണ്ട്. സാഫ് ഗെയിംസിൽ മികച്ച ബാക്ക് ഡിഫന്റർ താരമായിരുന്നു. എട്ട് വർഷമായി വാടക കെട്ടിടത്തിലും പിന്നീട് കുടിലിലും കഴിഞ്ഞിരുന്ന ഈ കുടുംബത്തിന്റെ വീടില്ലാ ദുരിതത്തിനാണ് ഇന്ന് അറുതിയാകുന്നത്. ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രതിനിധി ശോഭ ബാലൻ, ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു തുടങ്ങിയവർ സംബന്ധിക്കും.