നെടുമ്പാശേരി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുന്നുകരയിലെ നെല്ലറയായ വടക്കേ അടുവാശ്ശേരിയിലെ പ്രധാന കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. വടക്കേ അടുവാശ്ശേരിയിലെ നായ്ക്കരാൽ ഭാഗത്ത് രണ്ടാഴ്ച മുമ്പ് നടീൽ കഴിഞ്ഞ 10 ഏക്കറിലധികം ഞാറുകൾ വെള്ളത്തിനടിയിലായി. എടക്കോണി ഭാഗത്ത് നടീൽ കഴിഞ്ഞ് ഒരു മാസം പിന്നിട്ട 15 ഏക്കറിലധികം ഞാറുകൾ വെള്ളത്തിനടിയിലാണ്. ഇതോടെ വായ്പയെടുത്തും മറ്റും നെൽകൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലായി. ചാലക്കുടി പുഴയിൽ നിന്നും മാഞ്ഞാലി തോട്ടിലേയ്ക്ക് വെള്ളം കയറുന്നത് ഒഴിവാക്കുന്നതിനായി അയിരൂർ തോട്ടിൽ താത്കാലിക ബണ്ട് കെട്ടി വെള്ളം തടഞ്ഞ് നിർത്തുന്നത് ഒഴിവാക്കിയതും അങ്കമാലി മാഞ്ഞാലി തോട്ടിൽ ആഫ്രിക്കൻ പായൽ വന്നടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതും അതിലേക്ക് തീരങ്ങളിലെ പരുത്തി മരങ്ങൾ കടപുഴകി വെള്ളത്തിൽ വീണ് ആഫ്രിക്കൻ പായലിന്റെ കൂട്ടങ്ങൾ നീരൊഴുക്കിന് തടസമാകുന്നതുമാണ് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാകുന്നതിന് പ്രധാന കാരണം.
അയിരൂർ തോട്ടിൽ താത്കാലിക ബണ്ട് നിർമ്മിക്കുന്നത് നിർത്തലാക്കിയതും മാഞ്ഞാലി തോട്ടിൽ പായൽ വന്നടിഞ്ഞതുമാണ് കഴിഞ്ഞ വർഷവും അടുവാശ്ശേരിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നും നാട്ടുകാർ പറയുന്നു. ഇതിനൊരു ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൂവ്വത്തുശ്ശേരി വലിയകുളം പാടശേഖരവും വെള്ളത്തിലായി
പാറക്കടവ് പഞ്ചായത്ത് 13 -ാം വാർഡിൽ പൂവ്വത്തുശ്ശേരി വലിയകുളം പാടശേഖരവും വെള്ളക്കെട്ടിലായി. ആലുവാ തോട്ടിൽ നിന്നും ചാലക്കുടി പുഴയിലേക്ക് സുഗമമായ ഒഴുക്ക് നിലച്ചതിനൊപ്പമുണ്ടായ മഴയുമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ചാലക്കുടി പുഴയിലേക്ക് വെള്ളം പോകുന്ന ഷട്ടർ ഓവ് അടഞ്ഞതാണ് ഒഴുക്ക് തടസ്സപെടാൻ കാരണമെന്ന് കർഷകർ പറയുന്നു. മഴ ഇനിയും തുടർന്നാൽ ഇവിടെ ഏക്കറ് കണക്കിന് കൃഷി നശിക്കും. ഒരു മാസം മാത്രം പ്രായമായ ഞാറുകളുടെ ഏതാനും കട പഴത്തു തുടങ്ങിയത് നെൽ കർഷകർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.