മാഹി: അസംബ്ലി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ അധികാരത്തിലെത്താൻ എൻ.ഡി.എ. ശക്തമായ നീക്കം തുടങ്ങി. ഇക്കാലമത്രയും കോൺഗ്രസ്-ദ്രാവിഡ കക്ഷികളെ മാത്രം പിന്തുണച്ച കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ അധികാരം പിടിച്ചെടുക്കുകയെന്നത് ബി.ജെ.പിയെ സംബന്ധിച്ച് സാഹസികമാണ്.
വലിയ വാഗ്ദാനങ്ങൾ നൽകിയും പ്രലോഭിപ്പിച്ചും കോൺഗ്രസ് വിരുദ്ധരെ ചേർത്തും തിരഞ്ഞെടുപ്പ് വിജയം നേടാനാവുമോയെന്ന പരീക്ഷണമാണ് നടക്കുന്നത്. വി. നാരായണസ്വാമിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറ്റ നാൾ മുതൽ ലഫ്. ഗവർണ്ണർ കിരൺ ബേദിയുമായി പരസ്യമായ ഏറ്റുമുട്ടലുകൾ നടക്കുകയാണ്.
പ്രധാന ഫയലുകൾ പലതും ഒപ്പിടാതിരിക്കുകയോ, മടക്കുകയോ ചെയ്യുന്നത് പതിവായതിനെ തുടർന്ന് രണ്ട് തവണ മുഖ്യമന്ത്രിയടക്കം, മന്ത്രിമാരും എം.പി.യുമെല്ലാം തുടർച്ചയായ സത്യാഗ്രഹം നടത്തേണ്ടി വന്നു. മന്ത്രിസഭയെ മറികടന്ന് ലഫ്. ഗവർണ്ണർ മൂന്ന് ബി.ജെ.പി.ക്കാരെ കീഴ് വഴക്കങ്ങൾ മറികടന്ന് നോമിനേറ്റഡ് എം.എൽ.എമാരാക്കിയതോടെയാണ് ലഫ്. ഗവർണ്ണർ മന്ത്രിസഭാ പോര് രൂക്ഷമായത്. ഇപ്പോഴും സമരം തുടരുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര ഭരണ പ്രദേശത്ത് 144 നിലനിൽക്കുമ്പോഴും, മന്ത്രിമാരും, നേതാക്കളും ഉൾപ്പടെ അഞ്ഞൂറിലേറെപ്പേർ അണ്ണാ പ്രതിമക്ക് സമീപം സമരത്തിലാണ്.
ലഫ്.ഗവർണ്ണറുടെ നിഷേധാത്മകമായ നിലപാട് മൂലം വികസനവും സാമൂഹ്യ ക്ഷേമപദ്ധതികളും മുരടിച്ചെന്നും സംസ്ഥാനത്തെ 10 വർഷം പിറകിലേക്ക് നയിച്ചെന്നും മുഖ്യമന്ത്രി നാരായണസ്വാമി തുറന്നടിച്ചു. ഇന്നത്തെ സാഹചര്യത്തിൽ എൻ.ഡി.എയ്ക്ക് അധികാരം പിടിക്കാനാവില്ലെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തന്നെ റിപ്പോർട്ട് നൽകിയിരിക്കെ അമിത് ഷാ തന്നെ പുതിയ തന്ത്രങ്ങൾ മെനയുകയാണ്.
പുതുച്ചേരി മുൻ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റും പൊതുമരാമത്ത് മന്ത്രിയുമായ നമശിവായം, ജി.കെ. വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസിൽ ചേരുമെന്ന് നമത് മുരശ് പത്രം റിപ്പോർട്ട് ചെയ്തു.നമശിവായത്തോടൊപ്പം ചില കോൺഗ്രസ് എം.എൽ.എമാരുമുണ്ടത്രെ. ഏ.ഐ.ഡി.എം.കെ, ബി.ജെ.പി മുന്നണിയോടൊപ്പമായിരിക്കും, ടി.എം.സി മത്സരിക്കുക. 15 സിറ്റുകളിൽ ടി.എം.സിയും, 15 സീറ്റുകളിൽ ബി.ജെ.പിയും, എ.ഐ.ഡി.എം.കെയും മത്സരിക്കും.
മയ്യഴി, യാനം സീറ്റുകൾ ബി.ജെ.പിക്ക് നൽകും. നമ: ശിവായത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാവും പ്രചരണം. അമിത്ഷായുടെ അനുമതിയോടെയുള്ള മുന്നണിക്ക് ഭരണം ലഭിച്ചില്ലെങ്കിൽ, നമശിവായത്തിന് ഗവർണ്ണർ പദവി നൽകുമത്രേ. നാല് തവണ പാർട്ടി മാറിയ ആളാണ് നമശ്ശിവായം. ഡി.എം.കെ, കോൺഗ്രസ് മുന്നണി വിടുവാനുള്ള തയ്യാറെടുപ്പിലാണ്. ഡി.എം.കെ, കോൺഗ്രസ് മുന്നണി വിടുകയാണെങ്കിൽ, സി.പി.എം അടക്കമുള്ള ഇടതു പക്ഷ കക്ഷികൾ ഡി.എം.കെയോടൊപ്പമാകും. എൻ.ആർ. കോൺഗ്രസ് ഡി.എം.കെയോടൊപ്പമോ, തനിച്ചോ മത്സരിക്കാനാണ് സാദ്ധ്യത. ഏതായാലും തമിഴരുടെ പ്രധാന ഉത്സവമായ പൊങ്കലിന് ശേഷം മാത്രമേ ചിത്രം തെളിയുകയുള്ളൂ.