കോഴിക്കോട്: കർഷകരെ കണ്ണീരിലാഴ്ത്തി നേന്ത്രക്കായ വില താഴേക്ക്. കഴിഞ്ഞ രണ്ടാഴ്ചയായി വിലയിടിവ് തുടരുകയാണ്. ഒരു കിലോ നേന്ത്രക്കായയ്ക്ക് കർഷകന് കിട്ടുന്നത് 10 രൂപയിൽ താഴെ മാത്രം. അതായത് മുടക്കുമുതലിന്റെ മുപ്പത് ശതമാനം. പതിനായിരങ്ങൾ മുടക്കി പാട്ടത്തിനും സ്വന്തം ഭൂമിയിലും കൃഷിയിറക്കിയ കർഷകർ എട്ട് നിലയിൽ പൊട്ടിയ അവസ്ഥയിലാണ്. കാർഷിക വായ്പകളും വട്ടിപ്പലിശക്കാരിൽ നിന്ന് സ്വരൂപിച്ച തുകയുമെല്ലാം ചേർത്തുവച്ചാണ് ഭൂരിഭാഗം പേരും കൃഷി തുടങ്ങിയത്. വില കുറഞ്ഞതോടെ വാഹനങ്ങളിലാക്കി തെരുവോരങ്ങളിൽ കിട്ടിയ വിലയ്ക്ക് കായ വിറ്റ് മടങ്ങുകയാണ് പലരും. വണ്ടിക്കൂലിയും സമയവും അദ്ധ്വാനവും നോക്കുമ്പോൾ കനത്ത നഷ്ടമാണെന്ന് കർഷകർ പറയുന്നു. നഗരങ്ങളിൽ രണ്ടര കിലോയ്ക്ക് 50 രൂപ നിരക്കിലാണ് ഇന്നലെ വില്പന നടത്തിയത്. അതേസമയം സർക്കാർ നിശ്ചയിച്ച തറവിലയായ 30 രൂപയിൽ താഴേക്ക് വില ഇടിഞ്ഞിട്ട് ആഴ്ചകൾ പിന്നിടുന്നു. ഇതോടെ മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥയിലാണ്. ഒരു കിലോ നേന്ത്രക്കായയ്ക്ക് 20 മുതൽ പരമാവധി 24 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. 15-18 രൂപയ്ക്ക് മറുനാടൻ കായ ലഭിക്കുന്നതിനാൽ ചെറുകിട വ്യാപാരികളും മുഖം തിരിച്ചു നിൽപ്പാണ്. ഇതോടെ മിക്ക കർഷകരും പ്രാദേശികമായി കുലകൾ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. ഒരു കിലോ നേന്ത്രക്കായ ഉത്പാദിപ്പിക്കാൻ കുറഞ്ഞത് 25 രൂപയെങ്കിലും ചെലവ് വരും. എന്നാൽ 19 രൂപയ്ക്കും 20 രൂപയ്ക്കും നേന്ത്രക്കായ വിറ്റുപോകുന്ന അവസ്ഥയിൽ ഉത്പാദന ചെലവ് പോലും കർഷകന് ലഭിക്കില്ല. 30 രൂപ തറവില നിശ്ചയിച്ച നേന്ത്രക്കായയ്ക്ക് വിപണിയിൽ നിന്ന് 23 രൂപ മാത്രമാണ് കർഷകന് ലഭിക്കുന്നതെങ്കിൽ ശേഷിക്കുന്ന ഏഴ് രൂപ സർക്കാർ നൽകുമെന്നതാണ് നേട്ടം. എന്നാൽ പദ്ധതിയുടെ നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ആനുകൂല്യം എങ്ങനെ ലഭിക്കുമെന്ന കാര്യത്തിൽ ഭൂരിപക്ഷം കർഷകർക്കും ധാരണയില്ല.
' വില കുറഞ്ഞതോടെ രണ്ടും മൂന്നും കിലോയ്ക്ക് ഒരു നിശ്ചിത വിലയിട്ട് വിറ്റഴിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷവും പ്രളയം നാശം വിതച്ചു, ഇത്തവണ കൊവിഡും വില്ലനായി. ഓണത്തിനാണ് അല്പം ആശ്വാസമുണ്ടായത്. സർക്കാർ തറവില പ്രഖ്യാപിച്ചിരുന്നെങ്കിലും വില കുറയുകയാണ് '
രാജൻ കർഷകൻ