യൂത്ത് കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനം ചില്ലറക്കാരുടേതല്ല. ഘനഗംഭീരന്മാർ ആണ് ആ പ്രസ്ഥാനത്തെ കൊണ്ടുപിടിച്ച് നടത്തിക്കാൻ എല്ലാക്കാലത്തും നിയോഗിക്കപ്പെടാറുള്ളത്. ഈ ഘനഗംഭീരന്മാർ പാസാക്കി വിടുന്ന പ്രമേയങ്ങൾക്ക് സുമാർ അമ്പത് തൊട്ട് അമ്പത്തിയയ്യായിരം കിലോഗ്രാം വരെ ഭാരമെങ്കിലും കാണുമെന്ന് അതൊന്ന് പൊക്കി നോക്കാൻ ശ്രമിച്ചിട്ടുള്ളവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാം കല്ലേപ്പിളർക്കുന്ന പ്രമേയങ്ങൾ. ആ പ്രമേയങ്ങളിലേക്കാവശ്യമായ പദാവലികൾ നിർദ്ധാരണം ചെയ്തെടുക്കാൻ ഒന്നോ രണ്ടോ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളമാർ വിചാരിച്ചാൽ പോലും സാധിക്കില്ലെന്ന് പറയുന്നു.
ആകാശത്തിന് കീഴ്പോട്ടും പാതാളത്തിന് മേല്പോട്ടും ഉള്ള ഏത് കാര്യത്തിലും പ്രമേയം പാസാക്കാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ തയാറാണ്. ആരും അവരെ നിർബന്ധിക്കാത്തത് കൊണ്ട് മാത്രമാണ് അതിന് മുതിരാത്തത്. 1967ൽ കേരള നിയമസഭയിലേക്ക് 133 സീറ്റുകളിൽ മത്സരിച്ചിട്ട് രണ്ടക്കം തികയ്ക്കാതെ വെറും ഒമ്പതിടത്ത് ചുരുണ്ടൊതുങ്ങിക്കൂടേണ്ടി വന്ന കോൺഗ്രസുകാരെ നോക്കി ഒരണ സമരം നയിച്ച യൂത്ത് കോൺഗ്രസുകാർ നടത്തിയ ഒരു ചിരിയുണ്ടായിരുന്നു. അതൊരുമാതിരി, 2009ൽ ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ നമ്മുടെ അച്യുതാനന്ദൻ സഖാവ് ചിരിച്ചത് പോലെ ആയിരുന്നു!
ചിരിച്ച യൂത്ത് കോൺഗ്രസുകാർ, 1967ൽ പാസ്സാക്കിയ കല്ലേപ്പിളർക്കുന്ന പ്രമേയത്തിൽ രാജാക്കന്മാർക്ക് പ്രിവി പഴ്സ് കൊടുക്കരുത് എന്നാണ് ശക്തിയുക്തം നിർദ്ദേശിച്ചത്. പേടിച്ച് പോയ ഇന്ദിരാജി, പ്രിവിപഴ്സ് ഉടനടി നിറുത്തുകയും അന്നത്തെ യൂത്തുകാർക്കെല്ലാം സീറ്റും കൊടുത്ത് പറഞ്ഞുവിടുകയും ചെയ്തുവെന്ന് പറയുന്നു. അവരിൽ പ്രധാനികളായ പലരും ഇപ്പോഴും യൂത്തായി തന്നെ തുടരുകയാണെന്ന് ഇന്നത്തെ യൂത്തുകോൺഗ്രസുകാരിൽ ചിലർ സംശയിക്കുന്നു.
എല്ലാ കാലത്തും തിരഞ്ഞെടുപ്പ് വരുന്നതിന് തൊട്ടുമുമ്പായിട്ടാണ് യൂത്ത് കോൺഗ്രസിന്റെ കല്ലേപ്പിളർക്കുന്ന പ്രമേയങ്ങൾ ഉരുണ്ടുരുണ്ട് വരാറ്. അതിങ്ങനെ ഉരുണ്ടുരുണ്ട് വരുന്നതിന്റെ വഴിയിലാരെങ്കിലും പെട്ടുപോയാൽ കഥ അവിടെ തീരും. കാരണം, ആ ശക്തി ഒന്ന് മാത്രം.
നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാണ്ട് പാകമെത്തിക്കഴിഞ്ഞതിനാൽ പതിവനുസരിച്ചുള്ള കല്ലേപ്പിളർക്കുന്ന പ്രമേയം യൂത്ത് കോൺഗ്രസിന്റേതായി വന്നുകഴിഞ്ഞിരിക്കുന്നു. സ്ഥിരം നാടകക്കളരിയിൽ നിന്നുള്ളവരായാൽ യൂത്ത് കോൺഗ്രസിന് വേറെ സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കേണ്ടി വരുമെന്നാണ് അതിലെ സുപ്രധാനമായ മുന്നറിയിപ്പ്. അറുപത് കവിഞ്ഞ് നിൽക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർ അനിവാര്യർ ആയാലേ സീറ്റ് നൽകാവൂ എന്നും നാല് തവണ മത്സരിച്ച് കഴിഞ്ഞവരിലും അനിവാര്യരല്ലാത്തവരെ ഒഴിവാക്കണമെന്നും യൂത്ത് കോൺഗ്രസ് പാലക്കാട് പ്രമേയം നിർദ്ദേശിച്ചിട്ടുണ്ട്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പാകമായി നിൽക്കുന്ന അന്തരാളഘട്ടത്തിൽ ഇതിലും മാരകമായൊരു പ്രമേയം യൂത്ത് കോൺഗ്രസ് വകയായി ഉണ്ടായി.
'രാഷ്ട്രീയരംഗത്ത് വാർദ്ധക്യം ബാധിച്ച മനസ്സുമായി പരിപാടിയും ദർശനവുമില്ലാത്ത ആർത്തിയും ദുരയും മൂത്ത ഒരു കൂട്ടം യയാതിമാർ തലമുറകളുടെ യൗവ്വനം കടം കൊണ്ട് പൊതുരംഗത്ത് നിൽക്കുന്നു' എന്നാണ് 2010ലെ കൊല്ലം പ്രമേയത്തിൽ പറഞ്ഞത്. അവരുടെ കൈകളിൽ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള ചരിത്രപരമായ കടമ നിർവ്വഹിക്കാൻ കേരളീയ യുവത്വത്തിന്റെ ശക്തി സ്വാംശീകരിച്ച് നമുക്ക് മുന്നേറാം എന്ന് പ്രമേയത്തിൽ ആഹ്വാനം ചെയ്യുകയുണ്ടായി. ആ ചരിത്രപരമായ മുഹൂർത്തവും കാത്ത് അത് പാസാക്കിയ ചിലരൊക്കെ ഇപ്പോഴും പുര നിറഞ്ഞ് നില്പുണ്ടെന്നാണ് പറയുന്നത്. 2010ലെ പ്രമേയത്തിന് പിന്നാലെ തുലാവർഷവും കൊടിയ വരൾച്ചയുമുണ്ടായതാണ് കുഴപ്പമായതെന്നാണ് പറയുന്നത്.
അതേതായാലും നന്നായി. പ്രമേയത്തിൽ പറയുന്നത് അപ്പടി പ്രാവർത്തികമായാൽ പിന്നെ അതിന് പീറക്കടലാസിന്റെ വില പോലും കിട്ടില്ല. കല്ലേപ്പിളർക്കുന്ന പ്രമേയമായാലും ഒരു ചുടുകട്ടയുടെ വിലയെങ്കിലും കിട്ടിയില്ലെങ്കിലെന്ത് പ്രയോജനം? പ്രമേയം പ്രമേയമായി തന്നെ പച്ചപിടിച്ച് നിൽക്കുമ്പോൾ അതെല്ലാം തൂക്കി സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന് കൊടുത്താൽ അവർക്ക് അതൊരു വിലപിടിപ്പുള്ള അമൂല്യ ഗ്രന്ഥത്തിന് വകയുണ്ടാകുമെന്നാണ് ഈയുള്ളവൻ വിശ്വസിക്കുന്നത്.
....................................
- ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അവതരിപ്പിച്ച നയപ്രഖ്യാപനത്തിലെ ചില നിർദ്ദേശങ്ങളെ സംസ്ഥാന കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കൾ സർവ്വാത്മനാ സ്വാഗതം ചെയ്തുവെന്നാണ് കേൾക്കുന്നത്. എ.ഐ.സി.സി ജനറൽസെക്രട്ടറിജി താരിഖ് അൻവർജി ഇവിടെ വന്ന് പോയ ശേഷം അവരിൽ പലരും ഇതികർത്തവ്യതാമൂഢരായി നില്പായിരുന്നു. മറ്റൊന്നുമല്ല, മുതിർന്ന പൗരന്മാർക്ക് പുല്ലുവിലയാണത്രെ താരിഖ് അൻവർജി കല്പിച്ചിരിക്കുന്നത്. ഇടത്തരം മുതിർന്നവർക്കാണ് ഇത് വലിയ പൊല്ലാപ്പുണ്ടാക്കിയിരിക്കുന്നത്. ഒന്നുകിൽ നന്നായി മുതിരണം, ഏതാണ്ട് കുഞ്ഞൂഞ്ഞ്- മുല്ലപ്പള്ളി- ചെന്നിത്തല നിലവാരത്തിൽ. അല്ലെങ്കിൽ തീരേ മുതിരരുത്: ഏതാണ്ട് ഷാഫി പറമ്പിൽ- ശബരിനാഥൻ നിലവാരത്തിൽ. ഇതിന് രണ്ടിനുമിടയ്ക്ക് സമീപകാലത്തായി കഷ്ടകാലം നേരിടുന്ന കുമ്പളങ്ങി മോഡലിലുള്ള ചില മുതിർന്ന പൗരന്മാർക്കാണ് താരിഖ് അൻവർജി മുന്നറിയിപ്പ് നൽകി ഡൽഹിക്ക് വിമാനം കയറിയിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റും നോക്കി ആരും നിൽക്കണ്ട എന്നാണത്രെ അദ്ദേഹം പറഞ്ഞത്. പിന്നെന്ത് ചെയ്യണമെന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് ഗവർണർജിയുടെ പ്രഖ്യാപനമുണ്ടായത്. മുതിർന്ന പൗരന്മാരുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താൻ പൈതൃകം വെബ് പോർട്ടലും പ്രായമായവർക്കായി ഐ.ടി അറ്റ് എൽഡേർലിയും ആണ് ഗവർണ്ണർ പ്രഖ്യാപിച്ചത്. ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് രാത്രികാലങ്ങളിൽ ആവർത്തിച്ചുരുവിടുന്നവർ ഇന്ദിരാഭവൻ പരിസരങ്ങളിലൊക്കെ പകൽനേരങ്ങളിൽ കണ്ടുവരാറുള്ള ചിലരാണെന്ന് തിരുവനന്തപുരത്തുകാർ അടക്കം പറയുന്നു.
ഇ-മെയിൽ: dronar.keralakaumudi@gmail.com