stomachache

മലിനജലം, മോശമായഭക്ഷണം, സൂക്ഷ്മാണുക്കൾ എന്നിവയാണ് വയറിളക്കത്തിന്റെ പ്രധാന കാരണങ്ങൾ. വയറിളക്കം ഒരുരോഗമാണെന്ന് പറയാൻ കഴിയില്ലെങ്കിലും​ മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണമായി അത് ഉണ്ടാകാം.

ആവശ്യത്തിലധികം വെള്ളം കുടിച്ചാൽ, വയറിന് പിടിക്കാത്ത ഭക്ഷണം കഴിച്ചാൽ, ആകാംഷയും ടെൻഷനും കൂടിയാൽ, വയറിളക്കത്തിനുള്ള മരുന്ന് ഉപയോഗിക്കുമ്പോഴുമെല്ലാം വയറിളക്കമുണ്ടാകാം. എന്നാൽ, ഇതിനെ

രോഗമായി കരുതേണ്ടതില്ല. പതിവില്ലാതെ ദിവസത്തിൽ മൂന്നോ അതിലധികമോ തവണ വെള്ളംപോലെ അതിസരിക്കുന്നതിനെ മാത്രമേ വയറിളക്കം എന്ന പേരിൽ പറയാൻ കഴിയൂ. ഇത് കുറച്ചുദിവസം നീണ്ടുനിൽക്കുകയും നിർജ്ജലീകരണം സംഭവിക്കുകയും ചെയ്യാം. മൂത്രത്തിന്റെ അളവ് കുറയുകയും ത്വക്കിന്റെ നിറവും ഇലാസ്തികതയും വ്യത്യാസപ്പെടുകയും നെഞ്ചിടിപ്പ് കൂടുകയും തുടർന്ന് കാര്യങ്ങൾ വഷളാകുകയും ചെയ്യാവുന്നതാണ് നിർജ്ജലീകരണം.

മുല കുടിക്കുന്ന കുട്ടികളിൽ മലം ഏറെക്കുറെ അയഞ്ഞു പോകുന്നത് സാധാരണമാണ്.അത് വയറിളക്കമായി പരിഗണിക്കാറില്ല.

കാരണങ്ങൾ

വൈറസ്, ബാക്ടീരിയ, പരാദ ജീവികൾ, ഇത് കാരണമുണ്ടാകാവുന്ന ഗ്യാസ്ട്രോ എൻട്രൈറ്റിസ് രോഗം എന്നിവ കാരണം വയറിളക്കമുണ്ടാകുന്നു. ഇവ മലവുമായി സമ്പർക്കമുണ്ടായി മലിനപ്പെടുന്ന വെള്ളം,​ ആഹാരം എന്നിവയിലൂടെയോ, രോഗം ബാധിച്ച ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്കോ ആണ് രോഗം പകരുന്നത്. വെള്ളം പോലുള്ളത്, രക്തം കലർന്നത്, രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന രക്തം ചേർന്നോ അല്ലാതെയോ കാണുന്നത് എന്നിങ്ങനെ വയറിളക്കത്തിന്റെ അവസ്ഥകളെ മൂന്ന് തിരിക്കാം. വെള്ളം പോലെ വയറിളകുന്നത് കോളറ കാരണമാകാം. ചില രാജ്യങ്ങളിൽ കോളറ ഇപ്പോഴും സജീവമാണ്. രക്തം കലർന്ന് വയറിളകുന്നതിനെ ഡിസന്ററി എന്നാണ് പറയുന്നത്.