
ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് സ്റ്റൈലായി കടന്നു വന്ന രാജിനി ചാണ്ടി റീലുകൾക്കപ്പുറത്ത് ഒരു മുത്തശ്ശിയേ അല്ലെന്ന് തെളിയിച്ചിരുന്നു. ചിന്തകൾ കൊണ്ടും സംസാരം കൊണ്ടും തെല്ലും പ്രായം ഏശാത്ത സൂപ്പർ കൂൾ അച്ചായത്തിയായി പ്രേക്ഷമനസിൽ കുടിയേറിയ രാജിനി ചാണ്ടി ഇപ്പോഴിതാ സമൂഹ മാദ്ധ്യമങ്ങളിലാകെ നിറയുകയാണ്. സ്റ്റൈലൻ മേക്കോവറിലൂടെയും കിടിലൻ ഫോട്ടോഷൂട്ടിലൂടെയുമാണ് രാജിനി ചാണ്ടി കൈയ്യടി നേടുന്നത്. എന്നാൽ കൈയ്യടികൾക്കൊപ്പം തന്നെ കടുത്ത വിമർശനങ്ങളും ആക്ഷേപവും രാജിനി നേരിടുന്നുണ്ട്.
തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി രാജിനി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. മോശമായിട്ടൊന്നും താൻ ചെയ്തിട്ടില്ലെന്നാണ് രാജിനി ചാണ്ടിയുടെ നിലപാട്. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്ക് ബോധ്യമുള്ളടത്തോളം തെല്ലും വിഷമമില്ലെന്നും രാജിനി പറയുന്നു. "മോശമായ പ്രതികരണങ്ങൾ വരുന്നുണ്ട്. 'ഇതുവരെ ചത്തില്ലേ, പോയി ചത്തുകൂടെ തള്ളേ' ഇങ്ങനെയൊക്കെയുള്ള കമന്റുകൾ പറഞ്ഞവരുണ്ട്. പക്ഷേ ഞാൻ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ ഭർത്താവിനോ മക്കൾക്കോ ഇല്ലാത്ത വിഷമം മറ്റുള്ളവർക്കെന്തിനാണ്. എന്റെ മക്കളും കൊച്ചുമക്കളും അടുത്ത ബന്ധത്തിലുള്ള കുട്ടികളും വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്..." രാജിനി പറയുന്നു. "ഇത് ഞാൻ എന്റെ സന്തോഷത്തിനായി ചെയ്യുന്നതാണ്. എനിക്ക് 70 വയസസാകാറായി, എന്നുകരുതി 'ഞാൻ പോയി ചാവണം' എന്ന് പറയാൻ ആർക്കാണ് അവകാശം. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് എനിക്കും അറിയില്ല ഈ കമെന്റ് പറയുന്നവർക്കും അറിയില്ല. ഈ നിമിഷം മാത്രമേ നമ്മുടെ കയ്യിൽ ഉള്ളൂ. ഉള്ള സമയം സന്തോഷമായി ഇരിക്കുക'' രാജിനി നിലപാട് വ്യക്തമാക്കുന്നു.

അതേസമയം, തനിക്കെതിരെ മോശം കമന്റ് ചെയ്തവർക്കു സന്തോഷം കിട്ടുമെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്നാണ് അവർ പറയുുന്നത്. അവർക്ക് സന്തോഷിക്കാൻ താൻ ഒരു കാരണം ആയല്ലോ. മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുന്നിടത്തോളം തനിക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും രാജിനി കൂട്ടിച്ചേർത്തു. വിമർശനങ്ങൾക്ക് മറുപടിയുമായി ഫോട്ടോഗ്രാഫർ ആതിരയും രംഗത്ത് വന്നിരുന്നു. ഇതേ മലയാളി തന്നെ മമ്മൂട്ടിക്ക് അറുപത്തഞ്ച് വയസായെങ്കിലും റവേഴ്സ് ഗിയറിലാണ് പോയി കൊണ്ടിരിക്കുന്നത് എന്ന് പൊക്കിപ്പറയുന്നതായും തുറന്നടിച്ചു.