നെയ്യാറ്റിൻകര: ആറാലുംമൂട്ടിലെ പച്ചക്കറി, കാള മാർക്കറ്റുകൾ ബുധനാഴ്ചമുതൽ തുറക്കുമെന്ന് നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ അറിയിച്ചു. പൊതു ജനങ്ങളുടെ ആവശ്യം പരിഗണിച്ച് കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിലാണ് ചന്ത തുറക്കാൻ തീരുമാനിച്ചതെന്ന് ചെയർമാൻ വ്യക്തമാക്കി.
ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ച മാർക്കറ്റ് നാളിതുവരെ തുറന്നിട്ടില്ലായെന്നായിരുന്നു കേരള കൗമുദി വാർത്ത. സാധന സാമഗ്രികൾക്ക് വില കുതിച്ചുയരുന്നതായി വാർത്തയിൽ പരാമർശിച്ചിരുന്നു. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ മലക്കറി, ആടുമാട് ചന്തയാണ് ആറാലുംമൂട്ടിലേത്. ലോക്ക്ഡൗണിന്റെ ഭാഗമായി മാർക്കറ്റ് അടച്ചതോടെ സാധനങ്ങൾക്ക് ഇരട്ടി വിലയാണ് പൊതുവിപണിയിൽ നിന്ന് ഈടാക്കിയിരുന്നത്. മാർക്കറ്റ് പ്രവർത്തിച്ചു തുടങ്ങുന്നതോടുകൂടി കുറഞ്ഞ നിരക്കിൽ സാധന സാമഗ്രികൾ വാങ്ങാമെന്ന ആശ്വാസത്തിലാണ് പൊതുജനങ്ങൾ.