കസ്റ്റഡി മരണത്തിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ മറ്റു നടപടികൾക്കൊന്നും നിൽക്കാതെ കൈയോടെ പിരിച്ചുവിടണമെന്ന ജുഡിഷ്യൽ കമ്മിഷന്റെ ശുപാർശ സർക്കാർ അംഗീകരിക്കുമോ എന്നു തീർച്ചയൊന്നുമില്ല. നിലവിലെ സാഹചര്യത്തിൽ അതിനു സാദ്ധ്യത തുലോം കുറവാണ്. എന്നാൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കസ്റ്റഡി മരണങ്ങളും ലോക്കപ്പുകളിൽ നടക്കുന്ന ക്രൂരമായ പീഡനമുറകളും കാണുമ്പോൾ ജസ്റ്റിസ് നാരായണക്കുറുപ്പ് അദ്ധ്യക്ഷനായ ജുഡിഷ്യൽ കമ്മിഷന്റെ ഇതുസംബന്ധിച്ച ശുപാർശ എത്രയും വേഗം നടപ്പായി കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് പൊതുസമൂഹം. ചിട്ടി തട്ടിപ്പു കേസുമായി ഇടുക്കിയിലെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്‌കുമാർ എന്ന യുവാവിന്റെ മരണം ഏറെ ഒച്ചപ്പാടുണ്ടാക്കിയതാണ്. നാലുദിവസം തുടർച്ചയായി പൊലീസിന്റെ ക്രൂരമായ പീഡനമുറകൾക്കിരയാകേണ്ടിവന്ന ആ ചെറുപ്പക്കാരൻ ഒടുവിൽ ജയിലിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. മർദ്ദനമേറ്റ് തീരെ അവശനായിട്ടും ആശുപത്രിയിൽ കൊണ്ടുപോകാതെ മജിസ്ട്രേട്ടിനെ പോലും കബളിപ്പിച്ച് റിമാൻഡ് നേടി ജയിലിലടയ്ക്കുകയായിരുന്നു. മജിസ്ട്രേട്ടിനെ മാത്രമല്ല പോസ്റ്റ്‌മോർട്ടം നടന്ന ആശുപത്രി അധികൃതരെപ്പോലും സ്വാധീനിച്ച് അനുകൂല റിപ്പോർട്ട് എഴുതി വാങ്ങി. നിയമവിരുദ്ധമായ സകലതും ചെയ്ത് കൈകൾ ശുദ്ധമാക്കാൻ ശ്രമിച്ചെങ്കിലും സമൂഹം കേസ് ഏറ്റെടുത്തതോടെയാണ് പൊലീസ് ക്രൂരതകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. ജനരോഷത്തെത്തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും നെടുങ്കണ്ടം എസ്.ഐ കെ.എ. സാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേസെടുക്കുകയും ചെയ്തു. ഇതിലും ജനങ്ങൾ തൃപ്തരാകാതെ വന്നപ്പോഴാണ് ജസ്റ്റിസ് നാരായണക്കുറുപ്പിനെ ജുഡിഷ്യൽ കമ്മിഷനായി നിയമിച്ചത്. കമ്മിഷൻ വിപുലമായ നിലയിൽ അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച റിപ്പോർട്ടിൽ നെടുങ്കണ്ടം പൊലീസിന്റെ നിയമവിരുദ്ധമായ പ്രവൃത്തികളും രാജ്‌കുമാറിനു മേൽ നടത്തിയ പൈശാചിക മുറകളും വിവരിക്കുന്നുണ്ട്. ഇതുപോലുള്ള കേസുകളിൽ പ്രതികളാകുന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ സേനയ്ക്കു തന്നെ അപമാനമാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. നിർബന്ധിത പിരിച്ചുവിടൽ മാത്രമാണ് ഇത്തരക്കാർക്ക് സർക്കാരിനു നൽകാനാവുന്ന ശിക്ഷ. കോടതി ശിക്ഷ വേറെയാണ്. അതിനു കാത്തിരിക്കാതെ എത്രയും വേഗം ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടേണ്ടത് സേനയുടെ ഉത്തമ താത്‌പര്യത്തിന് അനിവാര്യമാണെന്ന ജുഡിഷ്യൽ കമ്മിഷന്റെ ശുപാർശയ്ക്ക് സർക്കാർ അർഹമായ പരിഗണന നൽകണം. രാജ്‌കുമാറിന്റെ കസ്റ്റഡി മരണം ആദ്യ സംഭവമല്ല. അവസാനത്തേതുമാകാനിടയില്ല. ഇതുപോലെ നിരവധി പേർ പൊലീസ് ലോക്കപ്പുകളിൽ മൂന്നാം മുറകൾക്കിരകളായി അകാലമൃത്യു പ്രാപിച്ചിട്ടുണ്ട്. ഓരോ സംഭവം നടക്കുമ്പോഴും ഒച്ചപ്പാടും അന്വേഷണ കമ്മിഷനുകളുമൊക്കെ ഉണ്ടാകും. പൊലീസുകാരെ പ്രതികളാക്കി കേസും എടുക്കും. പ്രതികളെ രക്ഷിക്കാൻ പൊലീസിൽത്തന്നെ ഉന്നത ഇടപെടലുകളുമുണ്ടാകും. അതിനിടയിൽ കുറച്ചുപേർ ശിക്ഷിക്കപ്പെട്ടെന്നുമിരിക്കും. കൂടുതൽ പേരും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുന്നതാണ് പൊതുവേ കണ്ടുവരുന്നത്. കുറ്റം ചെയ്താലും രക്ഷിക്കാൻ ആൾക്കാരുണ്ടെന്നുള്ളതാണ് കസ്റ്റഡിയിലെടുക്കുന്നവരുടെ മേൽ എന്തും ചെയ്യാനുള്ള ധൈര്യം പൊലീസുകാർക്കു നൽകുന്നത്. മൂന്നാം മുറകൾ പാടില്ലെന്നു കർക്കശ വിലക്കുള്ളപ്പോഴും എല്ലാ സ്റ്റേഷനുകളിലും ഏറിയും കുറഞ്ഞും അത്തരം മുറകൾ നിത്യേന അരങ്ങേറുന്നുണ്ട്. ഇത്തരം പീഡനങ്ങൾ മരണത്തിൽ കലാശിക്കുമ്പോൾ മാത്രമേ സമൂഹം അത് അറിയാറുള്ളൂ എന്നു മാത്രം. രാജ്‌കുമാറിന്റെ കസ്റ്റഡി മരണം ഇപ്പോൾ സി.ബി.ഐയുടെ അന്വേഷണത്തിലാണ്. എസ്.ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കു പുറമെ ഡ്രൈവർമാരും റൈറ്ററും ഹോംഗാർഡുമൊക്കെ കേസിൽ പ്രതികളാണ്. ഇവരെല്ലാം സംഘടിതമായാണ് ഹിംസ്ര ജന്തുക്കളെപ്പോലെ കസ്റ്റഡിയിലുള്ള പ്രതിയുടെ മേൽ ദിവസങ്ങളോളം എല്ലാ ദേദ്യമുറകളും പരീക്ഷിച്ചത്. ജുഡിഷ്യൽ കമ്മിഷന്റെ അന്വേഷണത്തിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിരുന്നു. പൊലീസായാൽ ശിക്ഷ ഉൾപ്പെടെ ഒന്നിനെയും ഭയക്കേണ്ടതില്ലെന്ന ധാർഷ്ട്യമാണ് പലരെയും എന്തുചെയ്യാനും പ്രേരിപ്പിക്കുന്നത്. ഈ മനോഭാവം മാറണമെന്നുണ്ടെങ്കിൽ കർശന നടപടികൾ എടുത്തേ മതിയാവൂ. നിയമം കൈയിലെടുക്കാൻ പൊലീസിനും അവകാശമില്ലെന്നു ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. കസ്റ്റഡി മരണത്തിനു കാരണക്കാരാകുന്ന പൊലീസ് ഉദ്യോഗസ്ഥരെ മറ്റു നടപടികൾക്കായി കാത്തിരിക്കാതെ പിരിച്ചുവിടണമെന്ന നാരായണക്കുറുപ്പ് കമ്മിഷന്റെ ശുപാർശ പ്രസക്തമാകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.
ഇതിനിടെ സർക്കാർ ജീവനക്കാർക്ക് നിയമപരമല്ലാത്ത നിയമ സംരക്ഷണം നൽകാനുദ്ദേശിച്ച് പൊലീസ് മേധാവി കീഴ് ഘടകങ്ങൾക്കു നൽകിയിരിക്കുന്ന പുതിയൊരു സർക്കുലർ നിയമത്തിനു മുമ്പിൽ ഏവരും സമന്മാരാണെന്ന സങ്കല്പത്തിനു കടകവിരുദ്ധമാണ്. സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ ജീവനക്കാർക്കുമെതിരെ ഉണ്ടാകുന്ന പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കാവൂ എന്നാണ് ഡി.ജി.പിയുടെ സർക്കുലർ. ഇത്തരത്തിലുള്ള അന്വേഷണം നടത്താതെ ഇവരുടെ പേരിൽ കേസെടുത്താൽ അത് അവരുടെ സൽകീർത്തിക്കും അതുവഴി സർക്കാരിനു തന്നെയും ദോഷം ചെയ്യുമെന്നാണ് പൊലീസ് മേധാവിയുടെ പക്ഷം. എന്നാൽ രാജ്യത്തെ നിയമങ്ങൾ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാണെന്നും നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരാണെന്നുമുള്ള വലിയ യാഥാർത്ഥ്യം സൗകര്യപൂർവം അദ്ദേഹം മറക്കുകയാണ്. കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് സദാ ആഹ്വാനം ചെയ്യുന്ന ഭരണകർത്താക്കൾ മറുപടി നൽകേണ്ട വിഷയമാണിത്. കേസുകളുടെ കാര്യത്തിൽ സർക്കാർ ജീവനക്കാർക്ക് പ്രത്യേക പരിഗണന ഏതു നിയമത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നു വ്യക്തമാക്കണം. ഡി.ജി.പി ആഗ്രഹിക്കും വിധത്തിൽ സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സാധാരണ പൗരന്മാർക്കില്ലാത്ത നിയമ സംരക്ഷണം ആവശ്യമാണോ എന്നും വിശദീകരിക്കണം. ഒരുപക്ഷേ പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥപ്രമുഖരെ ഉദ്ദേശിച്ചാകാം വല നീട്ടി എറിഞ്ഞിട്ടുള്ളത്. ആരോപണ വിധേയരാകുന്ന ഇത്തരക്കാരെ സംരക്ഷിക്കാനുള്ള ബാദ്ധ്യത പൊലീസ് സ്വയം ഏറ്റെടുക്കുന്നതിന്റെ പൊരുളാണ് മനസിലാകാത്തത്. വിവാദ സർക്കുലറുകളിറക്കി മുൻപും വാർത്ത സൃഷ്ടിച്ചിട്ടുള്ള പൊലീസ് മേധാവിയുടെ പുതിയ സർക്കുലറിനും അതേ ഗതിയാവും ഉണ്ടാകാൻ പോകുന്നത്.