ss

 വിഷയം ആദ്യം റിപ്പോർട്ട് ചെയ്‌തത് കേരളകൗമുദി

തിരുവനന്തപുരം: ശംഖുംമുഖത്ത് കാനായി കുഞ്ഞിരാമൻ നിർമ്മിച്ച പ്രശസ്‌തമായ സാഗരകന്യക ശില്പത്തിന് ദൃഷ്ടിദോഷം വരുത്തി സമീപത്ത് സ്ഥാപിച്ച ഹെലികോപ്ടർ മാറ്റും. ഇക്കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കാനായി കുഞ്ഞിരാമനുമായി സംസാരിക്കും. കാനായിയും മന്ത്രിയും ശംഖുംമുഖം സന്ദർശിച്ച ശേഷം ഉചിതമായ മാറ്റം വരുത്തും. വ്യോമസേന നൽകിയ പഴയ ഹെലികോപ്ടർ ഇവിടെ സ്ഥാപിച്ചപ്പോൾത്തന്നെ ശില്പത്തിന്റെ ദൃശ്യഭംഗിക്ക് കോട്ടം വരുത്തുന്നതാണിതെന്ന് ' കേരളകൗമുദി ' വാർത്ത നൽകിയിരുന്നു. സാഗരകന്യക ശില്പത്തിനടുത്ത് ഹെലികോപ്ടർ കൊണ്ടുവച്ചത് വിഡ്ഢിത്തവും സാംസ്‌കാരിക കേരളത്തിന് നാണക്കേടുണ്ടാക്കുന്നതുമാണെന്ന ശില്പി കാനായി കുഞ്ഞിരാമന്റെ പ്രതികരണം ഉൾപ്പെടുത്തിയുള്ള വാർത്ത 2020 ജൂലായ് നാലിന് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധിപേർ ഹെലികോപ്ടർ സ്ഥാപിക്കുന്നതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹെലികോപ്ടർ വയ്ക്കാൻ ഉചിതം തൊട്ടടുത്തുള്ള ചിൽഡ്രൻസ് പാർക്കാണെന്ന് ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജിന്റെ അഭിപ്രായം ഉൾപ്പെടെയുള്ള വാർത്തയും കേരളകൗമുദി പ്രസിദ്ധീകരിച്ചു. തുടർന്ന് ശില്പഭംഗിക്ക് കോട്ടംവരുത്തില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചതിന് പിന്നാലെ ഉചിതമായ കാര്യങ്ങൾ തീരുമാനിക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്‌തു. ലോക്ക് ഡൗണായതിനാൽ വകുപ്പ് തല തീരുമാനം നീണ്ടുപോകുകയായിരുന്നു.

ലോകശ്രദ്ധയാകർഷിച്ച സാഗരകന്യക

1992ലാണ് സാഗരകന്യക ശില്പം സമർപ്പിച്ചത്. അതേവർഷം തന്നെ ശില്പത്തെപ്പറ്റി ഡിസ്‌ക്കവറി ചാനൽ പ്രത്യേക പരിപാടി സംപ്രേഷണം ചെയ്‌തു. ഇത്രയും മനോഹരവും വലിപ്പമുള്ളതുമായ സാഗരകന്യകാശില്പം വേറെ രാജ്യത്ത് കണ്ടിട്ടില്ലെന്നായിരുന്നു വിദേശ ടൂറിസ്റ്റുകളുടെ അഭിപ്രായം. ശില്പം സമർപ്പിച്ച ചടങ്ങിൽവച്ച് അവിടെ മറ്റൊന്നും ചെയ്യരുതെന്ന് കാനായി അന്നത്തെ ടൂറിസം സെക്രട്ടറി ഉൾപ്പെടെയുള്ളവരോട് പറഞ്ഞിരുന്നു. പകൽനേരം വരുന്നവ‌ർക്ക് തണലേകാൻ കാനായിയും കൂടി ചേർന്നാണ് അവിടെ വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചത്. ഉദ്യോഗസ്ഥരാണ് ഹെലികോപ്ടർ അവിടെ വയ്ക്കാനുള്ള തീരുമാനമെടുത്തത്. വിമാനം ഉയരുന്നത് കാണാൻ വേണ്ടിയാണ് ശില്പത്തിനടുത്ത് ചെറിയ കുന്ന് രൂപപ്പെടുത്തിയത്. ആ കുന്നിലാണ് ഇപ്പോൾ ഹെലികോപ്ടർ കൊണ്ടുവച്ചത്.

'' ശില്പഭംഗിക്ക് കോട്ടം വരുത്തില്ലെന്ന് ' കേരളകൗമുദി 'യിൽ വാർത്ത വന്നപ്പോൾ തന്നെ ഞാൻ അറിയിച്ചതാണ്. കാനായിയോട് സർക്കാരിന് ബഹുമാനമാണുള്ളത്. അതുകൊണ്ടാണ് അദ്ദേഹത്തെ ശംഖുംമുഖത്തേക്ക് ക്ഷണിക്കാൻ തീരുമാനിച്ചത് ''

- കടകംപള്ളി സുരേന്ദ്രൻ, ടൂറിസം മന്ത്രി