നെയ്യാറ്റിൻകര: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭാഗികമായി തുറന്നെങ്കിലും കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസുകളിലെ കുറവ് യാത്രക്കാരെ വലയ്ക്കുന്നു. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് മതിയായ സർവീസുകൾ നടത്താത്തതിനാൽ നിലവിലുള്ള ബസുകളിൽ കുത്തിനിറഞ്ഞും സമാന്തര സർവീസുകളെ ആശ്രയിച്ചുമാണ് വിദ്യാർത്ഥികൾ അടക്കമുള്ളവർ യാത്രചെയ്യുന്നത്. പ്രധാന ഇടറൂട്ടുകളായ പൂഴിക്കുന്ന്, മഞ്ചവിളാകം, കൊച്ചുപളളി, ചെമ്പൂര്, വെള്ളറട, പാലിയോട്, കാരക്കോണം, എന്നിവിടങ്ങളിലേക്ക് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ വളരെ പരിമിതമാണ്. ഇതാണ് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.
ഓർഡിനറി വിഭാഗത്തിൽ സർവീസ് നടത്തിയിരുന്ന ബസുകൾ നിലവിൽ സിറ്റി ഫാസ്റ്റ് സർവീസായാണ് ഓടുന്നത്. ഇതിൽ ടിക്കറ്റ് നിരക്ക് കൂടുതലാണെന്നതൊഴിച്ചാൽ മറ്റ് നേട്ടങ്ങളൊന്നുമില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഇതിൽ കൺസഷൻ ടിക്കറ്റ് ലഭിക്കാത്തതും വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലാലയങ്ങളിൽ ഉച്ചയോടുകൂടി ക്ലാസുകൾ കഴിയും. എങ്കിലും സമയത്ത് ബസ് കിട്ടാത്തതിനാൽ വിദ്യാർത്ഥികൾക്ക് വൈകിട്ടുവരെ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇതര ഡിപ്പോകളിൽ നിന്ന് ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പുനരാരംഭിച്ചിട്ടും നെയ്യാറ്റിൻകരയിൽ നിന്ന് കോഴിക്കോട്, പാലക്കാട്, മൂന്നാർ, പൊന്മുടി ഉൾപ്പെടെയുളള സർവീസുകളും ഇനിയും ആരംഭിച്ചിട്ടില്ല. യാത്രാക്കാരുടെ ആവശ്യാനുസരണം കൂടുതൽ സർവീസുകൾ നടത്താൻ അധികൃതർ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കൊവിഡ് മാനദണ്ഡങ്ങളും പാളി
കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു ബസിൽ നിശ്ചിത ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കാവൂ എന്നാണ് ചട്ടം. എന്നാൽ ബസുകളുടെ കുറവ് കാരണം ഇത് ഉറപ്പാക്കാൻ ജീവനക്കാർക്ക് സാധിക്കുന്നില്ല. രാവിലെ മുതൽ ആരംഭിക്കുന്ന സർവീസുകളിൽ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. ഇത് കൊവിഡ് വ്യാപനം വർദ്ധിപ്പിക്കുമെന്ന് യാത്രക്കാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും ഭയപ്പെടുന്നു. അടുത്ത ബസ് വരുന്നതുവരെ കാത്തുനിൽക്കണമെന്ന് ജീവനക്കാർ യാത്രക്കാർ ആവശ്യപ്പെടുമെങ്കിലും സർവീസുകൾ കുറവായതിനാൽ ഇത് ചെവിക്കൊള്ളാൻ ആരും തയ്യാറാകുന്നില്ല.
ക്രമസമാധാന പ്രശ്നങ്ങളും ഏറെ
ബസ് സ്റ്റാൻഡിൽ പകൽസമയത്തടക്കം വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ ക്രമസമാധാന പ്രശ്നങ്ങളും വർദ്ധിക്കുന്നുണ്ട്.
ഡിപ്പോയിലെ പൊലീസ് എയ്ഡ് പോസ്റ്റും പ്രവർത്തിക്കുന്നില്ല. ഇതും സാമൂഹ്യ വിരുദ്ധർ ഡിപ്പോയിൽ തമ്പടിക്കുന്നതിനുള്ള പ്രധാന കാരണമാണ്. വിദ്യാർത്ഥിനികളും സ്ത്രീകളുമാണ് ഇത്തരക്കാരുടെ ശല്യത്തിൽ ഏറെ വലയുന്നത്. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും കൂടുതൽ പൊലീസുകാരെ മേഖലയിൽ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
ഏറെ വലഞ്ഞ്
പൂഴിക്കുന്ന്
മഞ്ചവിളാകം
കൊച്ചുപള്ളി
ചെമ്പൂര്
വെള്ളറട
പാലിയോട്
കാരക്കോണം