തിയേറ്ററുകളിൽ നൂറു ശതമാനം ആളുകളെ കയറ്റി പ്രദർശനം നടത്തുമെന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെ വിജയ് ചിത്രമായ 'മാസ്റ്ററി'ന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ജനുവരി 13ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് വ്യക്തമാക്കിയുള്ള വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. വീഡിയോ ഇറങ്ങി കുറച്ച് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. തമിഴ്നാട്ടിൽ തിയേറ്ററുകളിൽ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കും എന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ നൂറ് ശതമാനം അനുമതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ തമിഴ്നാട് സർക്കാരിന് കത്തയച്ചു. എന്നാൽ നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തമിഴ്നാട്ടിൽ നൂറ് ശതമാനം പ്രവേശനാനുമതിയോടെ തിയേറ്ററുകൾ തുറക്കുന്നത്. ഇതിന് പിന്നാലെ തീരുമാനത്തെ അനുകൂലിച്ചും അല്ലാതെയും നിരവധി പേർ രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നൂറ് ശതമാനം പ്രദർശനാനുമതി അനുവദിച്ചത് ശരിയല്ലെന്ന അഭിപ്രായം വിജയ് ആരാധകരും അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജയ്ക്കും തമിഴ്നാട് മുഖ്യമന്ത്രിക്കും ഒരു ഡോക്ടർ എഴുതിയ കത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഏറെ ചർച്ചകൾക്കൊടുവിലാണ് തിയേറ്ററുകളിൽ നൂറു ശതമാനം പ്രവേശനം ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാർ അനുവദിച്ചത്. മാസ്‌ക്, സാനിറ്റൈസർ, എന്നിവടയോടൊപ്പം മാത്രമായിരിക്കും തിയേറ്ററുകളിൽ പ്രവേശനം. ചിത്രങ്ങൾക്ക് മുൻപ് കൊവിഡ് മുൻകരുതൽ നടപടികൾ തിയേറ്ററിൽ പ്രദർശിപ്പിക്കുവാനും സർക്കാർ തീരുമാനിച്ചിരുന്നു. സൂപ്പർ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റർ. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. ആൻഡ്രിയ, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.