dr-m-leelavathy

കഥയുടെയും കവിതയുടെയും നോവലിന്റെയും ലോകത്ത് വെന്നിക്കൊടി പാറിക്കാൻ സ്‌ത്രീകൾക്കു കഴിഞ്ഞു. ബാലാമണിഅമ്മയും രാജലക്ഷ്മിയും സാറാ ജോസഫും മാധവിക്കുട്ടിയും വത്സലയുമൊക്കെ ആ രംഗത്തെ നക്ഷത്രങ്ങളാണ്.

എന്നാൽ സാഹിത്യ നിരൂപണത്തിന്റെ കഥ അതല്ല. കേസരി ബാലകൃഷ്ണപിള്ളയും എം.പി. പോളും, കുട്ടിക്കൃഷ്ണമാരാരും മുണ്ടശ്ശേരിയും ഗുപ്തൻനായരും അഴീക്കോടുമൊക്കെ പ്രകാശം ചൊരിഞ്ഞ ലോകത്തേക്ക് കടന്നുവരാൻ ഒരൊറ്റ സ്‌ത്രീയേ ഉണ്ടായിരുന്നുള്ളൂ - എം. ലീലാവതി.

അരനൂറ്റാണ്ടിലേറെക്കാലമായി സാഹിത്യത്തിന്റെ അലകടലിൽ മുങ്ങിത്തപ്പി അവർ തപ്പിയെടുത്ത രത്നങ്ങളും മുത്തുകളും അത്യനർഘങ്ങളാണ്. വള്ളത്തോളും ജി. ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ഇടശ്ശേരിയും ബാലാമണിഅമ്മയും മുതൽ പി. ഭാസ്ക്കരനും വയലാറും സുഗതകുമാരിയും വരെ സൃഷ്ടിച്ച പുണ്യതീർത്ഥങ്ങളിൽ അവർ മുങ്ങിക്കുളിച്ചു.

നിരൂപകനെ ഭയത്തോടും നീരസത്തോടും കൂടിയാണ് സർഗാത്മക സാഹിത്യകാരന്മാർ നോക്കിക്കാണുന്നത്. നിരൂപകനെ പട്ടി എന്നു വിളിച്ചത് ഒരു മഹാകവിയാണ്. വെറുതെ കുറ്റം പറയുന്നവനെ എറിഞ്ഞു കാലൊടിക്കണമെന്ന് കുഞ്ചൻ നമ്പ്യാരും പറഞ്ഞു. നിരൂപകനുവേണ്ടി ലോകത്തൊരിടത്തും സ്മാരകം ഉയർന്നിട്ടില്ല.

താനാണ് രക്ഷിതാവ് എന്ന ബോധം നിരൂപകർ വച്ചുപുലർത്തുന്നതാണ് ആപത്ത്. എന്നാൽ ലീലാവതി ടീച്ചർ പറഞ്ഞു :

''ആസ്വാദകരും നിരൂപകരും നിർമ്മാതാക്കളെക്കാൾ വലിയവരാണെന്ന് എനിക്ക് അഭിപ്രായമില്ല."

ടീച്ചറെക്കുറിച്ച് എഴുതാൻ ഒരു അവാർഡിന്റെ അകമ്പടി ആവശ്യമില്ല. എങ്കിലും മൂന്നുലക്ഷത്തിന്റെ ഒ.എൻ.വി പുരസ‌്‌കാരം അവരുടെ എഴുത്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കുവാൻ പ്രേരണ നൽകുന്നു.

എം.ആർ. ചന്ദ്രശേഖരൻ എഴുതി :

മലയാളത്തിൽ കവിതയെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള മികച്ച കൃതികളെല്ലാം ലീലാവതിയുടേതാണ്. കവിതയെക്കുറിച്ച് എഴുതുമ്പോഴാണ് ഡോ. ലീലാവതി ത്രിൽ അനുഭവിക്കുന്നതെന്ന് കെ.പി. അപ്പനും പറഞ്ഞിട്ടുണ്ട്.

'വർണരാജി" എന്ന ബൃഹദ് ഗ്രന്ഥമാണ് ടീച്ചറുടെ മാസ്റ്റർ പീസ്. തന്റെ നിരൂപണ രീതിയെ അവർ വിലയിരുത്തിയത് ഇങ്ങനെയാണ് :

''നിരൂപണത്തിന്റെ ലക്ഷ്യം പർവതങ്ങളെ തകർക്കുകയല്ല. നിരൂപണത്തിന് ഡൈനമിറ്റിന്റെ ശക്തിയുണ്ടെങ്കിൽ അത് ഉപയോഗിക്കേണ്ടത് പാറക്കെട്ടുകൾ പൊട്ടിച്ച് അവയ്ക്കിടയിൽ വർത്തിക്കുന്ന സൗന്ദര്യത്തെ പുറത്തുകൊണ്ടുവരുന്നതിലാണ്."

എല്ലാവരെപ്പറ്റിയും എല്ലാറ്റിനെപ്പറ്റിയും നല്ലതു പറയുന്നു എന്നൊരാക്ഷേപം ടീച്ചറെപ്പറ്റി ചിലർ പറയാറുണ്ട്. അതിനുള്ള മറുപടി ഇതാണ് :

''നല്ലതു പറഞ്ഞു എന്നല്ലേയുള്ളൂ. അത് കുറ്റമാണോ?"

നാൽപ്പതിലധികം ഗ്രന്ഥങ്ങൾ ടീച്ചറിൽ നിന്നും നമുക്കു ലഭിച്ചു. ഏതാനും ജീവചരിത്ര ഗ്രന്ഥങ്ങളും ഇതിലുൾപ്പെടുന്നു. കവികൾ എന്ന പൂമരങ്ങളുടെ സൗന്ദര്യവും സുഗന്ധവും വായനയിലേക്ക് പകർന്നു നല്കുന്നതിലാണ് താത്‌പര്യം. അവർ പറയുന്നു:

''മലയാളത്തിലെ മറ്റു സാഹിത്യശാഖകൾ എങ്ങനെയായാലും ഒരു മായാത്ത മഴവില്ലിന്റെ ശോഭ കവിതയ്ക്കുണ്ട്."

'അപ്പുവിന്റെ അന്വേഷണം" സി. രാധാകൃഷ്ണന്റെ നോവലുകളിലൂടെയുള്ള ഒരു തീർത്ഥയാത്രയാണ്. എം.ടിയുടെ 'അസുരവിത്തി"നെക്കുറിച്ചുള്ള പഠനവും അവർ എഴുതിയിട്ടുണ്ട്.

നാല്പതിലധികം അവാർഡുകൾ അവരുടെ മുന്നിൽ വന്ന് വണങ്ങി നിന്നിട്ടുണ്ട്. പത്മശ്രീ ബഹുമതിയും ലഭിച്ചു.

ഇരുപത്തിയെന്നാമത്തെ വയസിൽ കോളേജ് ലക്ചററായി. തൃശൂർ ജില്ലയിലെ കോട്ടപ്പടി ദേശത്താണ് ജനനം. ബാല്യകാലം ദുരിതമയമായിരുന്നു. ഡോക്ടറാകുവാനായിരുന്നു മോഹം. സാമ്പത്തിക പരാധീനത അതിനു കൂച്ചുവിലങ്ങിട്ടു. അദ്ധ്യാപകനായ ഡോ. സി.പി. മേനോനെ വിവാഹം ചെയ്തു. മഹാരാജാസിലെ മലയാളം വകുപ്പിലാണ് അധികകാലം ജോലി ചെയ്തത്. ജീവിതത്തിൽ വലിയൊരു താങ്ങും തണലുമായിരുന്ന ഭർത്താവിന്റെ മരണം അവർക്കൊരാഘാതമായി. തൊണ്ണൂറു പിന്നിട്ട ലീലാവതി ടീച്ചർക്ക് എഴുത്ത് ഇപ്പോഴും ഒരാവേശമാണ്.