തന്റെ വിദ്യാഭ്യാസയോഗ്യത വെളിപ്പെടുത്തി ബോളിവുഡ് നടി ദീപിക പദുകോൺ. വെറും പന്ത്രണ്ടാം ക്ലാസ് മാത്രമാണെന്നാണ് താരം പറയുന്നത് ഹേമമാലിനിയുടെ ജീവചരിത്രം ' ഹേമമാലിനി: ബിയോണ്ട് ഡ്രീം ഗേൾ' എന്ന പുസ്തകത്തിന്റെ പ്രകാശന വേദിയിലാണ് ദീപികയുടെ തുറന്നുപറച്ചിൽ. തുടർന്ന് പഠിക്കാൻ സാധിക്കാത്തതിൽ കുറ്റബോധം ഉണ്ടെന്നും അവർ നിറഞ്ഞ സദസ്സിൽ പറഞ്ഞു. 'മോഡലിംഗ് ജോലികൾക്കിടയിൽ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ പൂർത്തിയാക്കാൻ ഞാനേറെ ബുദ്ധിമുട്ടിയിരുന്നു. അക്കാലത്ത് ബാംഗ്ലൂരിലായിരുന്നു ഞങ്ങൾ കുടുംബസമേതം താമസിച്ചിരുന്നത്. മോഡലിംഗിനായി മുംബൈ ,ഡൽഹി യാത്രകൾ അന്ന് പതിവായിരുന്നു. പന്ത്രണ്ടാം ക്ലാസിനു ശേഷം കോളേജിൽ അഡ്മിഷൻ എടുത്തെങ്കിലും തുടർന്ന് കൊണ്ട് പോകാൻ സാധിച്ചില്ല. വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി കരസ്ഥമാക്കാൻ ശ്രമിച്ചു. അതിലും ഞാൻ പരാജയപ്പെട്ടു. വെറും പന്ത്രണ്ടാം ക്ലാസ് പാസ് മാത്രമാണ് ഞാൻ.' കോളേജ് ബിരുദം നേടിയതിനു ശേഷം, മോഡലിംഗുമായി മുന്നോട്ടു പോകാമെന്ന അഭിപ്രായക്കാരായിരുന്നു തന്റെ മാതാപിതാക്കളെന്നും ദീപിക കൂട്ടിചേർത്തു.