bond

കിളിമാനൂർ:കൊവിഡ് കാലത്ത് സർക്കാർ ഓഫീസുകളിലേക്ക് ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി ഒരുക്കിയ ബോണ്ട് സർവീസ്,യാത്രയ്ക്കുപരിയുള്ള സ്നേഹ ബന്ധങ്ങൾക്ക് തുടക്കമായത് കൗതുകക്കാഴ്ചയായി.

കൊടുവഴനൂരിൽ നിന്നും കാരേറ്റ് -വെഞ്ഞാറമൂട് - വെമ്പായം വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് സർവീസിലെ യാത്രക്കാരാണ് തങ്ങളുടെ പുതുവത്സരാഘോഷം ബോണ്ട് സർവീസിൽ അഘോഷിച്ചത്. പത്തോളം സർക്കാർ ഓഫീസുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ഉൾപ്പെടെ അറുപതോളം സ്ഥിരം യാത്രക്കാരാണ് ബോണ്ട് സർവീസിലെ ഈ ബസിലെ സ്ഥിരം യാത്രക്കാർ.

ഒരുവിനോദയാത്ര സംഘം പോലെയാണ് നിത്യേന ഇവരുടെ യാത്ര. ക്രിസ്മസും ന്യൂ ഇയറുമൊക്കെ ആഘോഷിക്കാൻ ഇവർ കണ്ടെത്തിയതും തങ്ങളുടെ ബസിനെ തന്നെ. കഴിഞ്ഞ ദിവസം വട്ടപ്പാറയിലെ പെട്രോൾ പമ്പിൽ ബസ് പാർക്ക് ചെയ്താണ് പുതുവത്സരം ഇവർ ആഘോഷിച്ചത്.തങ്ങളുടെ ബസിന്റെ മാതൃകയിലുള്ള കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ബസ് ജീവനക്കാരായ ഷൈജിത്, രാജേഷ്, മണികണ്ഠൻ, ശ്രീജ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. സ്ഥിരം യാത്രക്കാരായ മനോജ്, ജി.എൽ.ലീനേജ്, എസ്.അഭിലാഷ്, മിനി ഗോപൻ,നിസാം എന്നിവർ നേതൃത്വം നൽകി.ബി.സത്യൻ എം.എൽ.എയാണ് കൊടുവഴനൂരിൽ നിന്നും ആരംഭിച്ച ബോണ്ട് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.