പാറശാല: തീരദേശ റോഡ് അഥവാ അതിർത്തി റോഡായ പാറശാല- കൊല്ലങ്കോട് റോഡിൽ അപകടങ്ങൾ പതിവാകുന്നതായി പരാതി. റോഡ് നിർമ്മിച്ച കരാറുകാരുടെ അനസ്ഥായാണ് ഇവിടം അപകട മേഖലയാകാൻ കാരണമെന്നും ആക്ഷേപമുണ്ട്. കഴക്കൂട്ടം - കാരോട് ബൈപ്പാസിന് കുറുകെയുള്ള പറശാല- കൊല്ലങ്കോട് റോഡിൽ ചെങ്കവിളയ്ക്ക് സമീപം നിർമ്മിച്ചിട്ടുള്ള തീരദേശ റോഡാണ് അപകട മേഖലയായി തുടരുന്നത്. എൻ.എച്ച് അധികൃതരുടെ മേൽനോട്ടത്തിൽ കരാറുകാരാണ് ബൈപ്പാസ് നിർമ്മാണം നടത്തുന്നത്. ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി ഏകദേശം 5 വർഷത്തോളമാണ് ഈ തീരദേശ റോഡ് വെട്ടിപ്പൊളിച്ചിട്ടത്. നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധം ശക്തമായതൊടെ ഒരുവർഷം മുൻപ് ഈ പാലം നിർമ്മിക്കുകയായിരുന്നു. എന്നാൽ ബൈപ്പാസ് നിർമ്മാണത്തിനായും മറ്റും അമിതഭാരവും കയറ്റിവരുന്ന വാഹനങ്ങൾ കാരണം പാലത്തിന്റെ ഇരുവശത്തെയും മെറ്റൽ ഇളകി കുഴികൾ രൂപപ്പെട്ട നിലയിലായിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ അവ നികത്താനൊ സഞ്ചാരയോഗ്യമാക്കാനോ ബന്ധപ്പെട്ട അധികൃതരോ കരാറുകാരനോ തയാറാകുന്നില്ലെന്നാണ് പരാതി.
കുഴികൾ നിറയെ...
പാലം നിർമ്മാണത്തിന് വേണ്ടി കഴിഞ്ഞ 5 വർഷമായി വെട്ടിപ്പൊളിച്ച തീരദേശ റോഡിന്റെ ഈ ഭാഗം ഒഴികെ റോഡിന്റെ ബാക്കി ഭാഗം റബറൈസ്ഡ് ടാറിംഗ് നടത്തിയിരുന്നു. എന്നാൽ ഇത്രയും തകർന്നുകിടക്കുന്ന പാലത്തിന്റെ ഇരുവശത്തെയും കുഴികളടയ്ക്കാൻ പോലും അധികൃതർ മിനക്കെട്ടിട്ടില്ല. പാലം നിർമ്മിച്ച് ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ വർഷമാണ് പാലത്തിന്റെ ഇരുവശവും റോഡും തമ്മിൽ ബന്ധിപ്പിച്ച് പാലത്തിലൂടെയുള്ള സഞ്ചാരത്തിന് അനുവദിച്ചത്. എന്നാൽ പാലത്തിന്റെ ഇരുവശവും തകർന്നുതന്നെ കിടക്കുകയാണ്. ഇവിടം നന്നാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂട്ടായി ഇരുട്ടും
പാലത്തിന്റെ ഇരുവശത്തെയും കുഴികളിൽ വീണ് അപകടം പറ്റുന്ന ഇരുചക്രവാഹന യാത്രക്കാർ നിരവധിയാണ്. രാത്രികാലങ്ങളിൽ അപകടം സ്ഥിരമാണെന്നാണ് നാട്ടുകാർ പറയുന്നത്. അപകടം പറ്റുന്ന യാത്രക്കാർക്ക് നാട്ടുകാർ പ്രാഥമിക ചികിത്സനൽകി വീട്ടിലേക്ക് വിടുന്നത് പതിവായിരിക്കുകയാണ്.