വയറിളക്കമെന്നത് നിസാര രോഗം മുതൽ ഗുരുതരമായ രോഗത്തിന്റെ വരെ ലക്ഷണമായേക്കാം. ഏത് രോഗമെന്നതിനെ കൂടി ആശ്രയിച്ചാണ് വയറിളക്കത്തിന് പ്രാധാന്യം നൽകേണ്ടതെന്ന് സാരം. അതിനാൽ നിസാരമായ ചികിത്സ മതിയോ അതോ അടിയന്തര പ്രാധാന്യം ആവശ്യമാണോ എന്നുകൂടി മനസ്സിലാക്കിവേണം ചികിത്സ തിരഞ്ഞെടുക്കാൻ.
പാലിലും പാലുൽപ്പന്നങ്ങളിലുമുള്ള ലാക്ടോസ് ദഹിപ്പിക്കുന്നതിനുള്ള വൈഷമ്യം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഗോതമ്പിലും മറ്റുമുള്ള ഗ്ളൂട്ടൻ ദഹിപ്പിക്കുന്നതിനുള്ള തടസം, മലാശയ വീക്കം, ഹൈപ്പർതൈറോയ്ഡിസം, അൾസറേറ്റീവ് കൊളൈറ്റിസ്, മറ്റ് രോഗങ്ങൾക്ക് ഉപയോഗിക്കുന്ന പലവിധ മരുന്നുകൾ എന്നിവ കാരണവും വയറിളക്കമുണ്ടാകും.
വൃത്തിയുള്ള ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിലൂടെയും കുടിക്കാൻ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിലൂടെയും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുന്നതിലൂടെയും വ്യക്തിശുചിത്വം ഉറപ്പാക്കുന്നതിലൂടെയും ഭക്ഷണവും വെള്ളവും മലിനമാകാതെ സൂക്ഷിക്കുന്നതിലൂടെയും വയറിളക്കരോഗങ്ങൾ ഒഴിവാക്കാം.
വയറിളക്കമുള്ളവർ ആരോഗ്യകരമായ ഭക്ഷണവും മുലപ്പാൽ കുടിക്കുന്ന കുട്ടികൾ പാലുകുടിയും തുടരേണ്ടതാണ്.
പനിയോട് കൂടി രക്തം അതിസരിക്കുന്നവർക്ക് ആൻറിബയോട്ടിക്കുകൾ അനിവാര്യമാണ്. ഷിഗല്ലാ രോഗത്തിലും ഈ ലക്ഷണം കാണാവുന്നതാണ്.
അഞ്ച് വയസിനു താഴെയുള്ള കുട്ടികൾ മരിക്കുന്നതിന്റെ കാരണം പരിശോധിച്ചാൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് വയറിളക്കമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച മുരടിക്കുന്നതിനും ഇടയ്ക്കിടെയുള്ള വയറിളക്കരോഗങ്ങൾ കാരണമായേക്കാം.
ലക്ഷണങ്ങൾ
അള്ളിപ്പിടിക്കുന്നത് പോലുള്ള വയറുവേദന, ഇടയ്ക്കിടെ മലം പോകണമെന്ന് തോന്നുക, മലം പിടിച്ചുനിർത്താൻ സാധിക്കാതിരിക്കുക, ഓക്കാനം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ.
രണ്ട് ദിവസം മുതൽ രണ്ടാഴ്ച വരെ നീണ്ടുനിൽക്കുന്ന വയറിളക്കത്തിന് സാധാരണ ചികിത്സകൾ മതിയാകും. രണ്ടാഴ്ചയ്ക്കു മേൽ നാല് ആഴ്ച വരെ നീണ്ടുനിൽക്കുന്ന വയറിളക്കമാണെങ്കിൽ മറ്റ് രോഗങ്ങൾ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഒഴിവാക്കേണ്ടവ
പാൽ, പാലുൽപ്പന്നങ്ങൾ, കൊഴുപ്പുകൂടിയവ, എരിവും പുളിയും കൂടിയവ, വറുത്തത്, തവിടോടുകൂടിയ ധാന്യങ്ങൾ, നട്സ്,വിത്തുകൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, സവാള, വെളുത്തുള്ളി, ചോളം, ഉരുളക്കിഴങ്ങ് ചിപ്സ് , കാബേജ്, ബ്രൊക്കോളി,ഉണക്കിയ പഴങ്ങൾ, പൈനാപ്പിൾ, ചെറി, ബെറി, ഇത്തി, മുന്തിരി, സോഡാ, കോള, കോഫി, പുളിയുള്ള പഴങ്ങളും അവയുടെ ജ്യൂസും, മദ്യം എന്നിവ ഉപയോഗിക്കുന്നത് വയറിളക്കത്തെ വർദ്ധിപ്പിക്കും.
അൽപ്പം തൈര് അഞ്ചു തുള്ളി നാരങ്ങാനീര് ചേർത്തു കഴിക്കുന്നതും വില്വാദി ഗുളിക കഴിക്കുന്നതും ഗ്രാമ്പൂ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുന്നതും വയറിളക്കം കുറയ്ക്കും.
ഭക്ഷ്യവിഷബാധ, ആമാശയ അണുബാധ, പാലുൽപ്പന്നങ്ങളിലെ ലാക്ടോസിനെ പൂർണമായും ദഹിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ, ചില ഭക്ഷണങ്ങളോടുള്ള അലർജി, പരാദങ്ങൾ കാരണം കുടലിലുണ്ടാകുന്ന അണുബാധ എന്നിവയിലെല്ലാം മറ്റു ലക്ഷണങ്ങൾക്കൊപ്പം വയറിളക്കവും കാണുന്നു.
അടിയന്തര സാഹചര്യത്തിലൊഴികെ വയറിളക്കം നിയന്ത്രണ വിധേയമാക്കുന്നതിന് ആയുർവേദ ചികിത്സ മതിയാകും.