
മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുടപുരം നെൽപ്പാടത്തെയും ആഴുർ ഗ്രാമപഞ്ചായത്തിലെ ചേമ്പുംമൂല നെൽപ്പാടത്തെയും ഹെക്ടർ കണക്കിന് നെൽപ്പാടം നശിച്ചു. ഇതോടെ ഏറെ പ്രതീക്ഷയിൽ കർഷിയിറക്കിയിരുന്ന കർഷകർ ഇപ്പോൾ പ്രതിസന്ധിയിലാണ്. കായലിൽ നിന്നുള്ള ഉപ്പുവെള്ളം തോട് വഴി പാടത്തേക്ക് ഇറങ്ങിയതാണ് കർഷി നശിക്കാൻ കാരണം. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. 10 ഹെക്ടർ കൃഷിയിറക്കിയ മുടപുരം ഏലായിൽ ഏഴര ഹെക്ടർ കർഷിയും മൂന്നര ഹെക്ടറിൽ കൃഷിയിറക്കിയ ചേമ്പുംമൂല പാടത്ത് രണ്ടര ഹെക്ടർ നെൽകൃഷിയുമാണ് നശിച്ചത്. ഇതുവഴി രണ്ട് പാടശേഖരങ്ങളിലെയും കർഷകർക്ക് 9 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അവർ പറഞ്ഞു. തരിശായി കിടന്ന പാടങ്ങൾ പോലും ഏറ്റെടുത്ത് കൃഷിയിറക്കിയ കർഷകർക്ക് ഈ സാമ്പത്തിക നഷ്ടം നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. തകർന്ന് കിടക്കുന്ന അരിക് തോടുകൾ പുനർനിർമ്മാണം നടത്താത്തതുകൊണ്ടാണ് പാടത്ത് ഉപ്പുവെള്ളം കയറാൻ വഴിയൊരുക്കുന്നത്. ഈ പ്രശ്നം പരിഹരിക്കണമെന്ന് അനേകവർഷങ്ങളായി കർഷകർ ആവശ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
തടയണ പുതുക്കിപ്പണിയണം
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ മഞ്ചാടിമൂട് ആറ്റിൽ നിന്നുമാണ് മുക്കോണി തോട് വഴി ഉപ്പുവെള്ളം വയലിലേക്ക് വരുന്നത്. കടലിൽ വെള്ളം താഴുകയും ഉയരുകയും ചെയ്യുമ്പോഴാണ് മഞ്ചാടിമൂട് ആറ് വഴി ഉപ്പുവെള്ളം എത്തുന്നത്. ഇതു തടയുന്നതിനായി ആറ്റിൽ രണ്ടിടത്ത് തടയണകൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ അതിൽ ഒരു തടയണ അനേക വർഷങ്ങളായി തകർന്നുകിടക്കുകയാണ്. നേരത്തെ തകരാറിലായിരുന്ന മറ്റൊരു തടയണ, അറ്റകുറ്റപ്പണി നടത്തി ശരിയാക്കിയെങ്കിലും വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്ന വേളകളിൽ തടയണ ഉയർത്തുവാനോ താഴ്ത്താനോ ആളില്ലാത്തതിനാൽ ആണ് വെള്ളം തോട് വഴി ഏലായിൽ എത്തുന്നത്. അതിനാൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ തകരാറിലായ തടയണ ശരിയാക്കണമെന്നും ഒപ്പം കായലിൽ വെള്ളത്തിന് അനുസരിച്ച് രണ്ട് തടയണകളിലും വെള്ളം ക്രമീകരിക്കാൻ ജീവനക്കാരെ നിയമിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
പുതുക്കിപ്പണിയണം
തോട്ടിലൂടെ വരുന്ന വെള്ളം നെൽപ്പാടത്ത് കയറാതിരിക്കാൻ ചേമ്പുംമൂല പാടത്തു നിന്നും മുക്കോണി തോട്ടിലേക്ക് വരുന്ന അരിക് തോട്, കണ്ടുകൃഷി കുളത്തിൽ നിന്നും വരുന്ന അരിക് തോട്, നാറാങ്ങൽവട്ടം തോട്ടിൽ നിന്നും വരുന്ന അരിക് തോട് എന്നിവ പുതുക്കിപ്പണിയണമെന്നാണ് കർഷകരുടെ ആവശ്യം.