way

കല്ലറ: മൂന്ന് വർഷം മുമ്പ് നിർമ്മിച്ച വഴിയമ്പലം തകർന്നു ബലക്ഷയത്താൽ പൊട്ടിപൊളിഞ്ഞു തുടങ്ങി. ലക്ഷങ്ങൾ മുടക്കി കല്ലറ ബസ് സ്റ്റാൻഡിനോട് ചേർന്ന് നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങളാണ് വിള്ളൽ വീണ് പൊട്ടി മാറിക്കൊണ്ടിരിക്കുന്നത്.

2017 ജൂൺ 22 ന് വഴിയമ്പലം മന്ത്രി കെ.ടി.. ജലീലാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയാണ് ശുചിമുറികളും സ്ത്രീകളുടെ വിശ്രമ സ്ഥലവും കടമുറിയും ഉൾപ്പെടുന്ന വഴിയമ്പലം നിർമ്മിച്ചത്. രണ്ടാം ഘട്ടത്തിൽ ഒന്നര വർഷം മുൻപ് പുരുഷൻമാർക്കുള്ള ടൊയ്ലെറ്റ് കൂടി നിർമ്മിക്കാൻ അന്നത്തെ പഞ്ചായത്ത് ഭരണ സമിതി തുക വകയിരുത്തി കരാർ നൽകി.

വഴിയമ്പലത്തിന്റെ പിൻഭാഗവും ടൊയ്ലെറ്റും ഏതു നിമിഷവും തകർന്നു വീഴുമെന്ന അവസ്ഥയിലാണ്. അടിസ്ഥാനത്തിന്റെ കല്ലുകെട്ടിലും പൊട്ടലുണ്ട്. ശക്തമായ മഴ പെയ്താൽ ഭിത്തി തകർന്നു വീഴുമെന്ന് നാട്ടുകാർ പറയുന്നു. അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.