കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് തൊപ്പി ചന്തയിൽ പൊതുമാർക്കറ്റിൽ ടൊയ്‌ലെറ്റ് രണ്ടെണ്ണമുണ്ട് പക്ഷേ, പ്രവർത്തനയോഗ്യമല്ലാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ. അഞ്ച് വർഷത്തിനുള്ളിലാണ് രണ്ട് ടൊയ്‌ലെറ്റും നിർമ്മിച്ചത്. ഇതുവരെയും ഈ ടൊയ്‌ലെറ്റുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്നാണ് പരാതി.
2015 -17 പഞ്ചായത്തിലെ തനത് ഫണ്ട് ഉപയോഗിച്ചും 2018-19 കാലഘട്ടങ്ങളിൽ ശുചിത്വ മിഷൻ പദ്ധതിയുടെ ഭാഗമായുമാണ് ടൊയ്‌ലെറ്റുകൾ നിർമ്മിച്ചത്.
ചന്തയ്ക്കകത്ത് പൊതുകിണറുണ്ടെങ്കിലും അത് തുറന്നു കൊടുക്കാൻ പോലും അധികാരികൾ തയ്യാറാകുന്നില്ല. രാവിലെ എട്ടിന് തുടങ്ങുന്ന ചന്ത ഉച്ചയ്ക്ക് പതിനൊന്ന് വരെയാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് അധികാരികളോട് ചോദിച്ചപ്പോൾ വെള്ളം ഇല്ലെന്നാണ് പറയുന്നത്. ചന്തയിൽ വാട്ടർ അതോറിട്ടിയുടെ ലൈൻ ഉണ്ടെങ്കിലും മാർക്കറ്റിനകത്ത് ഒരു ടാപ്പ് പോലും വെക്കാൻ കഴിയാതെയാണ് ടൊയ്‌ലെറ്റ് പണിയിച്ചത്. ഈ കൊറോണ സമയത്തും മത്സ്യത്തൊഴിലാളികൾക്കും മാർക്കറ്റിലെ മറ്റു കച്ചവടക്കാർക്കും കൈകഴുകാൻ പോലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്. പലതവണ പഞ്ചായത്ത് അധികൃതർക്ക് പരാതി കൊടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. പരാതി പുതിയ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടന്നും അടിയന്തരമായി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീല പറഞ്ഞു.