intuc

തിരുവനന്തപുരം:അച്ചടി വകുപ്പിലെ ഐ.എൻ.ടി.യു.സി യൂണിയൻ നേതാക്കളെ ഡയറക്ടർ ജെയിംസ്‌ രാജ് അസ്യഭ്യം പറഞ്ഞ് അധിക്ഷേപിച്ചെന്ന് പരാതി. ഇത് സംബന്ധിച്ച വീഡിയോയും പുറത്തായിട്ടുണ്ട്.ജീവനക്കാരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെയായിരുന്നു സംഭവം.

ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഐ.എൻ.ടി.യു.സി സംഘടനാ നേതാക്കൾ ഡയറക്ടറെ കാണാനെത്തിയത്. സീനിയോറിട്ടി മറികടന്നായിരുന്നു സ്ഥലംമാറ്റമെന്ന് ആക്ഷേപമുന്നയിച്ചപ്പോൾ ഡയറക്ടർ മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും സംഘടനാനേതാക്കൾ പറഞ്ഞു.ഐ.എൻ.ടി.യു.സി യൂണിയനിലെ ആളുകൾക്ക് വഴിവിട്ട കാര്യങ്ങൾ താൻ ചെയ്ത് നൽകിയിട്ടുണ്ടെന്നും സ്ഥലമാറ്റ കാര്യങ്ങൾ ചർച്ച ചെയ്യണമെങ്കിൽ തനിക്കെതിരെ നൽകിയ പരാതി പിൻവലിക്കണമെന്നും ഡയറക്ടർ നേതാക്കളോട് പറയുന്നതും വീഡിയോയിലുണ്ട്.വിരമിക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കേ തനിക്ക് ഇഷ്ട്മുള്ളതെല്ലാം ചെയ്തിട്ടേ ഇവിടെന്ന് ഇറങ്ങി പോകൂവെന്നും വീഡിയോയിൽ പറയുന്നുണ്ട്.അച്ചടി വകുപ്പിന്റെ വാഹനം സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് യു.ഡി.എഫ് അനൂകൂല സംഘടനാനേതാക്കൾ ഡയറക്ടർക്കെതിരെ പരാതി നൽകിയിരുന്നു.

എന്നാൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നാണ് അച്ചടി വകുപ്പ് ഡയറക്ടറുടെ വിശദീകരണം. എൻ.ജി.ഒ യൂണിയനും ഡയറക്ടറുടെ സമീപനത്തിൽ പ്രതിഷേധത്തിലാണ്.