village

കിളിമാനൂർ:നീണ്ട കാത്തിരിപ്പിനുശേഷം കൊടുവഴന്നൂർ വില്ലേജ് ഓഫീസിന് സ്മാർട്ട് കെട്ടിടം പൂർത്തിയാകുന്നു.ഏഴ് വർഷം മുൻപ് തറക്കല്ലിട്ട കെട്ടിടം നീണ്ട നാളത്തെ പരിശ്രമങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കുമൊടുവിലാണ് പൂർത്തിയാകുന്നത്.2014- ജൂലായ് 27ന് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശാണ് തറക്കല്ലിട്ടത്. ടെൻഡർ നടപടികൾ പൂർത്തിയായി കരാറുകാരൻ കരാർ ഏറ്റെടുത്തങ്കിലും കെട്ടിടംപണിയുടെ പ്രാരംഭനടപടികൾ പോലും കാലാവധിക്കുള്ളിൽ നടത്തിയില്ല. പുതിയ ടെൻഡർ നsപടികൾ പി.ഡബ്ല്യു.ഡി ആരംഭിച്ചെങ്കിലും ആദ്യത്തെ കരാറുകാരൻ ആദ്യം മുടക്കിയ തുക ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും തർക്കങ്ങൾ ഉന്നയിച്ച്, കേസ് ഫയൽ ചെയ്യുകയും ചെയ്തു.തുടർന്ന് പി.ഡബ്ല്യു.ഡി നിരന്തരമായി റവന്യൂ വകുപ്പുമായി ചേർന്ന് സർക്കാർ അഭിഭാഷകന്റെ സഹായത്തൊടെ കേസ് ഒത്തുതീർപ്പാക്കി.വീണ്ടും ടെൻഡർ ചെയ്ത് പുതിയ കരാറുകരനെ കൊണ്ട് പണി 2020 നവംബറിൽ ആരംഭിച്ചു.

അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടമാണ് ഉയരുന്നത്. പോർട്ടിക്കൊ,ഫ്രണ്ട് ഓഫീസ്, ഓഫീസർക്കും സ്റ്റാഫിനും പ്രത്യേക മുറികൾ,റെക്കാഡ്റൂം,ഡൈനിഗ് തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകും.നിലവിൽ ചോർന്ന് ഒലിക്കുന്ന പഴക്കം ചെന്ന കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.കഴിഞ്ഞ ദിവസം ബി.സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസർ മനോജ്,വില്ലേജ് ഓഫീസർ ബി.എസ്,സ്മിതാ നായർ,ബിൽഡിഗ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ ജോൺ കെന്നത്ത്,പുളിമാത്ത് പഞ്ചായത്ത് അംഗങ്ങളായ സുജി പ്രസാദ്, ബീന എന്നിവർ കെട്ടിടനിർമ്മാണ പുരോഗതി വിലയിരുത്തി.ഫെബ്രുവരിയോടെ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്ന് ബി.സത്യൻ എം.എൽ.എ അറിയിച്ചു.