വർക്കല: കെടുകാര്യസ്ഥതമൂലം വർക്കല നഗരഹൃദയത്തിലെ സ്ത്രീസൗഹൃദ ടോയ്ലെറ്റ് നോക്കുകുത്തിയായിട്ട് വർഷം ഒന്ന് പിന്നിട്ടു. വർക്കല മൈതാനം കൊച്ചുപാർക്കിലാണ് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 2015ൽ ടോയ്ലെറ്റ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. എന്നാൽ ഇതിന്റെ ഉദ്ഘാടനം കെങ്കേമമായി നടത്തിയതൊഴിച്ചാൽ മറ്റ് നടപടികൾ പാളിയതാണ് പ്രവർത്തനം മുടങ്ങാൻ കാരണം.
നഗരസൗന്ദര്യവത്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം ഒരുകോടി രൂപ ചെലവിൽ മുനിസിപ്പൽ പാർക്ക് നവീകരിച്ചതിനൊപ്പമാണ് രണ്ടാംഘട്ടമായി ടോയ്ലെറ്റ് കോംപ്ളക്സും നിർമ്മിച്ചത്. എന്നാൽ ഇത് പ്രവർത്തിക്കാതായതോടെ നഗരത്തിലെത്തുന്ന സ്ത്രീകൾ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനാകാതെ വലയുകയാണ്. സമീപത്തെ ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും മാത്രമാണ് ഇവർക്ക് ഇപ്പോഴുള്ള ആശ്രയം. എന്നാൽ ഈ സ്ഥാപനങ്ങളിൽ ചെന്ന് ആവശ്യം പറയാനുള്ള ബുദ്ധിമുട്ടും നാണക്കേടും കാരണം പലരും എല്ലാം അടക്കിപ്പിടിക്കുകയാണ് പതിവ്. പ്രതിഷേധങ്ങൾ വ്യാപകമാകുമ്പോൾ ഇടയ്ക്കിടെ ടോയ്ലെറ്റ് തുറന്നു പ്രവർത്തിച്ചിരുന്നെങ്കിലും നിലവിൽ ഇതിന് പൂർണമായും താഴുവീണ അവസ്ഥയിലാണ്. പുതുവർഷവും ശിവഗിരി തീർത്ഥാടനവും പ്രമാണിച്ച് പോലും ടോയ്‌ലെറ്റ് തുറന്നു കൊടുക്കാൻ അധികൃതർക്കായിട്ടില്ല.
അവസ്ഥ പരിതാപകരം
ടോയ്‌ലെറ്റിന് മുന്നിൽ ഒരുക്കിയിട്ടുള്ള അലങ്കാര സ്തൂപത്തിന് അകത്ത് വെള്ളംകെട്ടിനിന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ്.
കൊതുകിനെയും കൂത്താടിയെയും വളർത്താനുള്ള ഇടമാണ് ഈ സ്തൂപം. മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളും ഇതിനുമുന്നിൽ അടിഞ്ഞിട്ടുണ്ട്. ടോയ്ലെറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലമാകട്ടെ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുകയും ചെയ്തു.
ചെലവാക്കിയത് ലക്ഷങ്ങൾ
മൈതാനം പാർക്കിന്റെയും കൊച്ചുപാർക്കിന്റെയും നിർമ്മാണ ചുമതല ഹാബിറ്റാറ്റിനായിരുന്നു. ഇരു പാർക്കുകളുടെയും നവീകരണത്തിനായി ടൂറിസം വകുപ്പ് ഒരു കോടി 30 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ പദ്ധതിയിൽ ഉൾപ്പെട്ടതാണ് സ്ത്രീസൗഹൃദ ടോയ്ലെറ്റ്. വർക്കല നഗരമദ്ധ്യത്തിൽ തന്നെ ചെറുതും വലുതുമായ മൂന്നൂറോളം കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. വർക്കലയിലെത്തുന്ന വിദ്യാർത്ഥികളുടെ ദുരിതവും അധികൃതർ കാണുന്നില്ല. ഇതിന് അറുതി വരുത്താൻ പുതിയ നഗരസഭാ ഭരണസമിതി നടപടി സ്വീകരിക്കണമെന്നാണ് പൊതുവായ ആവശ്യം.
"വർക്കലയിൽ എത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സ്ത്രീകൾ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഏറെ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. അടച്ചിട്ടിരിക്കുന്ന സ്ത്രീസൗഹൃദ ടോയ്ലെറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് അടിയന്തര നടപടികൾ ഉണ്ടാകണം."
ഗേളി ഷാഹിദ്, റിട്ട.പ്രൊഫസർ