വിതുര: കല്ലാർ മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ച് പ്രദേശത്തെ കർഷി നശിപ്പിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. നൂറുകണക്കിന് തെങ്ങും, കുമുകും പിഴുതെറിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത് പകൽ സമയത്തുപോലും കാട്ടാനകൾ നാട്ടിലിറങ്ങി ഭീതിയും, നാശവും വിതയ്ക്കുന്നു. ആനശല്യം വർദ്ധിച്ചതായി വനപാലകരെ അറിയിച്ചപ്പോൾ ഫോറസ്റ്റ് സംഘം എത്തി തുരത്തി ഓടിച്ചെങ്കിലും ഫോറസ്റ്റുകാർ തിരിച്ചുപോകുമ്പോൾ ആനക്കൂട്ടം കളത്തിലിറങ്ങും. കാട്ടാനകളുടെ താണ്ഡവത്തിൽ നിരവധി പേരാണ് കല്ലാർ മേഖലയിൽ മരണപ്പെട്ടിട്ടുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ ആനശല്യമുള്ള പഞ്ചായത്താണ് വിതുര. മാറിവരുന്ന ഭരണകക്ഷികളോട് ആദിവാസി ഊരുകളിൽ ഉള്ളവർക്ക് പറയാനുള്ളത് കാട്ടുമർഗങ്ങൾ വിതയ്ക്കുന്ന ദുരിതത്തെക്കുറിച്ചാണ്.. അഞ്ച് വർഷത്തിനിടയിൽ വിതുര പഞ്ചായത്തിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴാണ്.
ആദിവാസി മേഖകളിലെ അവസ്ഥയും വിഭിന്നമല്ല. ആനശല്യം കാരണം ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കാൻ പോലും കാട്ടിൽ കയറാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ വർഷം കല്ലാർ മേഖലയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ട്പേർ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. ആനശല്യം നടപടികൾ സ്വീകരിക്കാത്തതിനെതിരെ ആദിവാസി സമൂഹത്തിനിടയിൽ ശക്തമായ പ്രതിഷേധവും ഉയർന്നിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ബഡ്ജറ്റുകളിൽ ആദിവാസി മേഖലയുടെ വികസനത്തിനായി ഉൾപ്പെടുത്താറുള്ളത്. എന്നിട്ടും അവയെല്ലാം കടലാസിൽ മാത്രം ഒതുങ്ങുകയാണെന്നാണ് പരാതി..
മംഗലകരിക്കകത്ത് വാഴത്തോട്ടം നശിപ്പിച്ചു
കല്ലാർ മംഗലകരിക്കത്ത് അജിതാമോഹനന്റെ വാഴത്തോട്ടം മുഴുവൻ ഇന്നലെ രാത്രി കാട്ടാനക്കൂട്ടം തകർത്തു. ലോണെടുത്ത് കൃഷി നടത്തിയിരുന്ന 1500 ൽപ്പരം ഏത്തൻ, കപ്പ വാഴകൾ മുഴുവൻ നശിപ്പിച്ചു. ഒരു ലക്ഷത്തിൽ പരം രൂപയുടെ നഷനഷ്ടമുണ്ട്. മുൻപും ഇവിടെ കൃഷി നടത്തിയിരുന്ന വാഴയും, തെങ്ങും കമുകും മുഴുവൻ കാട്ടാനകൾ നശിപ്പിച്ചിരുന്നു. വനംവകുപ്പിന് പരാതി നൽകിയെങ്കിലും മിക്കപ്പോഴും നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്ന് അജിത പരാതിപ്പെട്ടു. കല്ലാർ സുഷമാസുരേഷിന്റെ വാഴകൃഷി മുഴുവൻ നശിപ്പിച്ചു.സോളാർപാനലും തകർത്തു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്.
ആനക്കിടങ്ങും വൈദ്യുതവേലിയും കടലാസിൽ
വർദ്ധിച്ചുവരുന്ന ആനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആദിവാസിസമൂഹവും നാട്ടുകാരും അനവധി തവണ സമരങ്ങൾ നടത്തിയതിനെ തുടർന്ന് വൈദ്യുതിവേലിയും ആനക്കിടങ്ങും സ്ഥാപിക്കുമെന്ന് വനം മന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും വാഗ്ദാനം കടലാസിലുറങ്ങുകയാണ്. കഴിഞ്ഞ മാസം വനംമന്ത്രി കെ. രാജു കല്ലാറിൽ എത്തിയപ്പോഴും കല്ലാർ നിവാസികൾ ആനശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.