തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷ പദവിയൊഴിയുന്നു. കമ്മിഷന്റെ അവശേഷിക്കുന്ന മൂന്ന് റിപ്പോർട്ടുകൾ കൂടി സർക്കാരിന് കൈമാറിയ ശേഷം ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയും.
ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം വി.എസ് തിരുവനന്തപുരത്ത് ബാർട്ടൺഹില്ലിലുള്ള മകൻ അരുൺകുമാറിന്റെ വീട്ടിലേക്ക് താമസം മാറി. ഔദ്യോഗിക വസതിയായ കവടിയാർ ഹൗസ് താത്കാലികമായി ഒഴിയുന്നെന്ന് വി.എസിന്റെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഏറെ നാളായി ഔദ്യോഗിക വസതിയിൽ ചികിത്സാർത്ഥം വിശ്രമത്തിലായിരുന്നു വി.എസ്. ലോക്ക് ഡൗൺ ആയതോടെ സന്ദർശകരും പൂർണമായി ഒഴിവായി. ആരോഗ്യ കാരണങ്ങളാൽ നിയമസഭയിലും വി.എസ് എത്താറില്ല. ഇക്കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ ആലോചിച്ചതായിരുന്നു. എന്നാൽ, ആ സമയത്ത് സർക്കാരിനെതിരായ രാഷ്ട്രീയ വിവാദങ്ങൾ മൂർച്ഛിച്ച് നിൽക്കുകയായിരുന്നു. ആ ഘട്ടത്തിൽ പദവി ഒഴിഞ്ഞാൽ രാഷ്ട്രീയ എതിരാളികൾ മറ്റു തരത്തിൽ വ്യാഖ്യാനിച്ച് അനാവശ്യ വിവാദത്തിന് വഴിയൊരുക്കുമെന്നത് കൂടി കണക്കിലെടുത്താണ് തിരഞ്ഞെടുപ്പിനു ശേഷം തീരുമാനം പുറത്തുവിട്ടത്.
2016 ആഗസ്റ്റ് ആറിനാണ് വി.എസ് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനാകുന്നത്. ഇതിനകം അഞ്ച് റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
വി.എസിന്റെ പുതിയ പോസ്റ്റൽ വിലാസം
ഒരറിയിപ്പുണ്ടാകുംവരെ വി.എസിന്റെ പോസ്റ്റൽ വിലാസം ഇതാണ്: വി.എസ്. അച്യുതാനന്ദൻ, വേലിക്കകത്ത്, ടി.സി 26 /1943 (1), ബാർട്ടൺ ഹിൽ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം- 695035.