തിരുവനന്തപുരം: ഗാനഗന്ധർവൻ കെ.ജെ. യേശുദാസ്, ഷഡ്കാല ഗോവിന്ദ മാരാരെ പറ്റി ഒരുക്കാനിരുന്ന സംഗീത പ്രാധാന്യമുള്ള സിനിമ സാക്ഷാത്കരിക്കാൻ അവസരം ഒരുങ്ങുന്നു. 1985ലും 86ലുമായി ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ യേശുദാസ് നടത്തിയെങ്കിലും ഉപേക്ഷിച്ചു.'ശ്രുതിലയം' എന്നു പേരിട്ടിരുന്ന സിനിമ നിർമ്മിക്കാൻ സംവിധായകൻ ഹരിഹരനാണ് പ്ളാൻ ചെയ്യുന്നത്. യേശുദാസിന്റെ താൽപര്യം അറിഞ്ഞ ശേഷം മുന്നോട്ട് പോകും. ഹരിഹരന്റെ 'കുഞ്ചൻ നമ്പ്യാർ' പൂർത്തിയാക്കിയ ശേഷമായിരിക്കും ഇത്.
യേശുദാസിനെ ഏറെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഷഡ്കാല മാരാർ. ത്യാഗരാജ സ്വാമികളും സ്വാതി തിരുനാളും സിനിമയിൽ കഥാപാത്രങ്ങളാകും. സ്വാതിതിരുനാളായി നെടുമുടി വേണുവും ഗോവിന്ദമാരാരായി യേശുദാസും അഭിനയിക്കാനായിരുന്നു തീരുമാനം. ജഗതി ശ്രീകുമാറിനും ഒരു കഥാപാത്രത്തെ കണ്ടു വച്ചിരുന്നു.
ഫിലിം ചേംബറിൽ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ അസാധുവായി. ആ ടൈറ്റിൽ സ്വന്തമാക്കിയ കെ. വിശ്വനാഥ് തെലുങ്കിൽ ഒരുക്കിയ 'ശ്രുതിലയലു' എന്ന സിനിമയിൽ യേശുദാസ് പാടിയിരുന്നു.
ശ്രുതിലയം തുടങ്ങാത്തതിന് ഉത്തരവാദി ഞാൻ തന്നെ. വിശദാംശങ്ങളിലേക്ക് പൂർണമായി ഇറങ്ങി ചെല്ലുന്ന സ്വഭാവമാണ് എന്റേത്. ഏകാഗ്രമായി മുഴുകണം. അതിനുള്ള സമയം ലഭിച്ചില്ല''.
കെ.ജെ. യേശുദാസ്
ഗവേഷണം വേണ്ട സിനിമയാണിത്. കുഞ്ചൻ നമ്പ്യാർ സിനിമയാക്കാനും ഒരുപാട് ഗവേഷണം നടത്തി
ഹരിഹരൻ
പിറന്നാൾ ദിനത്തിൽ ലൈവ്
അമേരിക്കയിലാണിപ്പോൾ യേശുദാസ്. .81-ാം പിറന്നാളായ ഇന്ന് സുഹൃത്തുക്കളും ബന്ധുക്കളുമായി സ്കൈപ്പിലൂടെ സംസാരിക്കും. കൊവിഡ് കാരണം ഇത്തവണ മൂകാംബിക ക്ഷേത്രത്തിലെത്തില്ല.