പോത്തൻകോട്: പ്രകൃതി സംരക്ഷണത്തിന് മുതൽക്കൂട്ടാകുന്ന തന്റെ കണ്ടെത്തലുകൾ പ്രധാനമന്ത്രിയിലെത്തിച്ച് ഒരു കൊച്ചുമിടുക്കൻ. പോത്തൻകോട് പണിമൂലയിൽ ബിനീഷ് - തമ്പുരു ദമ്പതികളുടെ മകനും പള്ളിപ്പുറം മോഡൽ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ദേവസാരംഗാണ് പുഴകളുടെയും നദികളുടെയും സംരക്ഷണം ലക്ഷ്യമിട്ട് പ്രകൃതി സൗഹൃദമായ രീതിയിൽ ചെലവ് കുറഞ്ഞ കുട്ടിഡാമുകൾ എങ്ങനെ നിർമ്മിക്കാമെന്നും അതിന്റെ നേട്ടങ്ങളെക്കുറിച്ചുമുള്ള കണ്ടെത്തലുകൾ പ്രത്യേകം പ്രോജക്ടുകളാക്കി പ്രധാനമന്ത്രിക്ക് അയച്ചുനൽകിയത്.
ചെറിയ ചെറിയ ഡാമുകൾ നിർമ്മിച്ച് കൃഷി ആവശ്യങ്ങൾക്കും മറ്റും ഉപയോഗിച്ചാൽ ജലസമ്പത്ത് പാഴാകുന്നത് തടയാനും കൂടതൽ ആളുകളിലേക്ക് ജലം എത്തിക്കാനും പ്രകൃതി സംരക്ഷണം ഉറപ്പാക്കാനും സാധിക്കുമെന്ന് തന്റെ മിനി ഹൈഡ്രോ പവർ ഡാം പ്രോജക്ടിലൂടെ ദേവസാരംഗ് സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂൾ ശാസ്ത്ര മേളകളിൽ അവതരിപ്പിച്ച് സമ്മാനങ്ങൾ നേടിയ പദ്ധതിയാണ് പ്രധാനമന്ത്രിക്ക് തപാലിൽ അയച്ചുനൽകിയത്. പുതിയ പ്രോജക്ടിന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാദിന്റെ പ്രശംസാ പത്രവും ദേവസാരംഗിനെ തേടിയെത്തിയിരുന്നു.
കൃത്രിമ തടാകങ്ങൾ വരെ നിർമ്മിക്കുന്ന കാലഘട്ടത്തിൽ അപകടാവസ്ഥയിലായ നദികളെ ഭൂമിക്കടിയിൽകൂടി ഒഴുക്കി മാലിന്യം കുറഞ്ഞ ജലസമ്പത്ത് നിലനിറുത്താൻ സഹായിക്കുന്ന തരത്തിലുള്ളതാണ് തന്റെ പ്രോജക്ടുകളെന്ന് ദേവസാരംഗ് വിവരിക്കുന്നു. പ്രളയകാലത്തും കൊവിഡ് കാലത്തും തന്റെ കൊച്ചുസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും സംഭാവന നൽകിയും ഈ കൊച്ചുമിടുക്കൻ ശ്രദ്ധ നേടിയിരുന്നു. കുട്ടി കണ്ടുപിടിത്തങ്ങൾ പരിഗണിച്ച് സംസ്ഥാന മദ്യവർജന സമിതിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്.
ക്യാപ്‌ഷൻ: ദേവസാരംഗ് .