നാഗർകോവിൽ: കന്യാകുമാരി ത്രിവേണി സംഗമത്തിലുണ്ടായ അഗ്നിബാധയിൽ 60 കടകൾ പൂർണമായും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കന്യാകുമാരി അഗ്നിശമന സേന തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് നാഗർകോവിൽ, കുളച്ചൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘത്തിന്റെ സഹായം തേടി. ഇവർ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൈദ്യുതി ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് കടകളിലും കടൽക്കരയിലും ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. പൊങ്കൽ അടുത്തതിനാൽ കോടികളുടെ സാധനങ്ങൾ വ്യാപാരത്തിനായി കടകളിൽ കരുതിവച്ചിരുന്നു. അതെല്ലാം പൂർണമായും കത്തിനശിച്ചതായി കച്ചവടക്കാർ പറഞ്ഞു. കന്യാകുമാരി പൊലീസ് അന്വേഷണം ആരംഭിച്ചു.