തിരുവനന്തപുരം: വന്യമൃഗങ്ങൾ മനുഷ്യവാസ പ്രദേശങ്ങളിൽ കയറുന്നതു വർദ്ധിച്ചുവരുമ്പോൾ വന്യമൃഗശല്യം തടയാൻ കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കുന്നതിൽ സംസ്ഥാന വനംവകുപ്പിന് വീഴ്ച. 2014 മുതൽ 2020 വരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തിന് 71.33 കോടി രൂപ നൽകിയപ്പോൾ സംസ്ഥാനം ചെലവിട്ടത് 32.74 കോടി മാത്രം. പ്രൊജക്ട് എലിഫന്റ്, പ്രൊജക്ട് ടൈഗർ, ഡെവലപ്‌മെന്റ് ഒഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുന്നത്. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം. വനാതിർത്തികളിൽ സൗരോർജ വേലി, റെയിൽ വേലി, കിടങ്ങുകൾ എന്നിവ നിർമ്മിക്കൽ, വനത്തിനുള്ളിൽ മൃഗങ്ങൾക്കു തീറ്റയും വെള്ളവും ലഭ്യമാക്കൽ, വന്യമൃഗ ആക്രമണങ്ങളെപ്പറ്റിയുള്ള അവബോധം നടത്തൽ എന്നിവയൊക്കെ പദ്ധതിയുടെ ഭാഗമാണെന്ന് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കി.