വർക്കല: വർക്കല പാപനാശം ക്ലിഫിലെ റിസോർട്ടിൽ താമസിച്ചിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് കൊല്ലം സ്വദേശികളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ മണ്ണാമല ഒരുമനഗറിൽ 170ൽ കൊള്ളി നിയാസ് എന്ന നിയാസ്(27), കിളികൊല്ലൂർ റെയ്‌ഹാൻ മൻസിലിൽ സഞ്ജു( 21), തൃക്കോവിൽവട്ടം മൈലാപ്പൂർ നവാസ് മൻസിൽ നവാസ്( 19), മങ്ങാട് മൂന്നാംകുറ്റി പള്ളിവിള പുത്തൻവീട്ടിൽ മുഹമ്മദ് അസ്ലം (26) എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം.
കൊല്ലം തഴുത്തല മൈലാപ്പൂർ പുതുച്ചിറ ഷെമിന മൻസിലിൽ ഷെഫീക്കിനെയാണ് (28) ഇവർ റിസോർട്ടിൽ അതിക്രമിച്ചു കയറി വടിവാളിന് വെട്ടുകയും ചുറ്റികയ്ക്ക് കാൽമുട്ട് അടിച്ചുപൊട്ടിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടുപോവുകയുമാണ് ചെയ്തത്. ഇയാളെ കിളികൊല്ലൂർ ചെന്താപ്പൂരിലെത്തിച്ച അക്രമികൾ കെട്ടിയിട്ട് മർദ്ദിച്ചു. ഷെഫീക്ക് മരിച്ചെന്ന് കരുതി പിന്നീട് ഇയാളെ പരവൂർ പോളച്ചിറ ഏലായിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു. കാറുകൾ വാടകയ്ക്ക് എടുത്ത ശേഷം തിരികെ നൽകാത്തതിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിൽ. കേസിൽ ഇനി പിടിയിലാകാനുള്ള കൊല്ലം സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ അജിൻഷായും ഷെഫീക്കും തമ്മിൽ കാർ വാടകയ്ക്കെടുത്തതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരുന്നു. തുടർന്നായിരുന്നു ആക്രമണം.
ഷെഫീക്കിനെ ആക്രമിച്ചതിന് പകരമായി അക്രമി സംഘത്തിലുണ്ടായിരുന്ന കൊല്ലം അയത്തിൽ സ്വദേശി ഷെമീറിനെ കൊട്ടിയത്ത് വച്ച് വെട്ടിക്കൊലപ്പെടുത്താനും ശ്രമം നടന്നു. കൊല്ലം സിറ്റിയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ ഇരുസംഘങ്ങളും പലവട്ടം ഏറ്റുമുട്ടുകയും ചെയ്തു.
റൂറൽ എസ്.പി. ബി. അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല എസ്.എച്ച്. ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പി. അജിത്കുമാർ, പി. മനീഷ്, ഷാഡോ പൊലീസ് ഗ്രേഡ് എ.എസ്.ഐ. ബിജു ഹഖ്, ഷാഡോ പോലീസുകാരായ അനൂപ്, സുധീർ എന്നിവരുൾപ്പെട്ട സംഘമാണ് തിരുവനന്തപുരം പൂവാറിൽ നിന്ന് പ്രതികളെ പിടികൂടിയത്. കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ, കുണ്ടറ, ഇരവിപുരം പൊലീസ് സ്റ്റേഷനുകളിൽ കവർച്ച, കൊലപാതകശ്രമം, മാലപൊട്ടിക്കൽ ഉൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയാണ് കൊള്ളി നിയാസ്. കിളികൊല്ലൂർ, കുണ്ടറ, സ്റ്റേഷനുകളിൽ വധശ്രമക്കേസുകളിലെ പ്രതിയാണ് മുഹമ്മദ് അസ്ലാം. പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി.