തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് ചർച്ചകളിലേക്ക് ഇടതുമുന്നണി കടന്നില്ലെങ്കിലും, കിട്ടാവുന്ന സീറ്റുകളുടെ എണ്ണത്തിൽ ആശങ്കയുള്ളതിനാൽ ഇരു ജനതാദൾ ഗ്രൂപ്പുകളും ലയന ചർച്ച സജീവമാക്കി.
ജനതാദൾ എസ് - ലോക് താന്ത്രിക് ജനതാദൾ ലയനത്തിന് പല തടസങ്ങളും ഉണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം യാഥാർത്ഥ്യമാക്കാനാണ് ഇരു നേതൃത്വങ്ങളുടെയും നീക്കം.
പതിനൊന്ന് പാർട്ടികളുൾപ്പെട്ട ഇടതുമുന്നണിയിൽ സീറ്റു വിഭജനം സങ്കീർണമാകുമെന്ന് ചെറു ഘടക കക്ഷികളെല്ലാം വിലയിരുത്തുന്നുണ്ട്. 2016ലെ തിരഞ്ഞെടുപ്പിൽ ജനതാദൾ-എസ് മാത്രമായിരുന്നു ഇടതുമുന്നണിയിൽ. ലോക് താന്ത്രിക് ദൾ അന്ന് ഐക്യ ജനതാദൾ ആയി യു.ഡി.എഫിലായിരുന്നു. ജെ.ഡി.എസിന് അന്ന് ഇടതുമുന്നണി അഞ്ച് സീറ്റ് നൽകിയപ്പോൾ ജനതാദൾ-യുവിന് യു.ഡി.എഫിൽ ഏഴ് സീറ്റ് ലഭിച്ചു. ജെ.ഡി.എസ് മൂന്നിടത്ത് ജയിച്ചപ്പോൾ മറുപക്ഷത്ത് ആരും ജയിച്ചില്ല.
ഇന്ന് ഇരു പാർട്ടികളും ഇടതുമുന്നണിയിലെ ഘടകകക്ഷികളായതിനാൽ സീറ്റുകളിൽ നല്ല വിട്ടുവീഴ്ച വേണ്ടിവരുമെന്ന തിരിച്ചറിവ് നേതൃത്വങ്ങൾക്കുണ്ട്. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ജനതാദൾ-എസിൽ നിന്ന് ഒരു വിഭാഗം പിളർന്ന് മാറുന്നതിന് മുമ്പ് നടന്ന 2006ലെ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റാണ് ജെ.ഡി.എസിന് ഇടതുമുന്നണി നൽകിയത്. അതിൽ അഞ്ചിടത്തും വിജയിച്ചു. 2009ലെ ലോക്‌സഭാ സീറ്റ് തർക്കത്തിൽ കലഹിച്ച് വീരേന്ദ്രകുമാർ പക്ഷം പിന്മാറിയതോടെ ഇവരിൽ രണ്ട് പേർ മറുപക്ഷത്തായി.
ലോക് താന്ത്രിക് ദൾ മുന്നണിയിലെത്തിയ സ്ഥിതിക്ക് സി.കെ. നാണുവിന്റെ സിറ്റിംഗ് സീറ്റായ വടകര എൽ.ജെ.ഡിക്ക് കൈമാറേണ്ടി വരുമെന്ന് ജെ.ഡി.എസ് കണക്കുകൂട്ടുന്നുണ്ട്. മൂന്നോ നാലോ സീറ്റിൽ കൂടുതൽ ഇക്കുറി ഇടതുമുന്നണി നൽകാനിടയില്ല. മാത്യു.ടി തോമസിന്റെ തിരുവല്ലയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചിറ്റൂരും പിന്നെ കോവളവും ദളിന് ലഭിച്ചേക്കും. അങ്കമാലി കൂടി അവകാശപ്പെടാമെങ്കിലും കേരള കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പുകൾ മുന്നണിയിലുള്ളതിനാൽ വിട്ടുകൊടുക്കേണ്ടി വരുമെന്ന ആശങ്കയുണ്ട്. വടകര, കൂത്തുപറമ്പ, കല്പറ്റ സീറ്റുകളും 2006ൽ മത്സരിച്ച മലപ്പുറവുമാണ് എൽ.ജെ.ഡിക്ക് പ്രതീക്ഷ. ഇതിൽ മലപ്പുറത്ത് ഐ.എൻ.എൽ പരിഗണിക്കപ്പെട്ടാൽ മൂന്നിലൊതുങ്ങും.
സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്ത് ഒതുങ്ങാതെ പഴയ സോഷ്യലിസ്റ്റ് പ്രതാപം വീണ്ടെടുക്കണമെന്ന ചിന്ത ഇരു പാർട്ടികളിലെയും മുൻനിര നേതാക്കളിൽ ശക്തമാണ്. ലയനത്തിന് ദേവഗൗഡ തന്നെ പച്ചക്കൊടി കാട്ടി. പാർട്ടി സ്ഥാനമാനങ്ങളുടെ വിഭജനത്തിൽ ഉൾപ്പെടെ സമവായമായാലേ ലയനത്തിൽ അന്തിമതീരുമാനമാകൂ. 13ന് തൃശൂരിൽ ചേരുന്ന എൽ.ജെ.ഡി നേതൃയോഗത്തിൽ ലയനം മുഖ്യ ചർച്ചയാകും. ജെ.ഡി.എസിന്റെ മണ്ഡലം യോഗങ്ങളിലും ഇത് ചർച്ചയാകുന്നുണ്ട്.