നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ പണിത് ഏഴുവർഷം കഴിഞ്ഞിട്ടും പ്രവർത്തനം ഇനിയും അകലെ. തൊഴുക്കൽ ജംഗ്ഷന് സമീപമാണ് നഗരസഭയുടെ നേതൃത്വത്തിൽ ഹോസ്റ്റൽ നിർമ്മിച്ചത്. 25 ലക്ഷം രൂപയായിരുന്നു നിർമ്മാണ ചെലവ്. വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറിയത്. 2010 സെപ്തംബർ 13ന് ഹോസ്റ്റലിന്റെ ഒന്നാം നിലയുടെ പ്രവർത്തനോദ്ഘാടനവും നടത്തി. എന്നാൽ അതിന് ശേഷം തുടർനടപടികൾ ഉണ്ടാകാത്തതാണ് തിരിച്ചടിയായത്. അന്നുപൂട്ടിയ താഴ് ഇന്നുവരെയും തുറന്നിട്ടുമില്ല.
താലൂക്ക് ആസ്ഥാനമായ നെയ്യാറ്റിൻകരയിൽ നിരവധി സർക്കാർ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. അർദ്ധസർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വേറെ. ഇവിടങ്ങളിലായി നൂറുകണക്കിന് വനിതകാണ് ജോലി ചെയ്യുന്നത്. ഇവർക്ക് താമസിക്കാനാണ് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമ്മിച്ചത്. എന്നാൽ ഹോസ്റ്റൽ തുറന്ന് പ്രവർത്തിപ്പിക്കാൻ തയ്യാറാകാത്തതോടെ ജീവനക്കാരെല്ലാം വീടുകളിൽ പോയി മടങ്ങിയെത്തിയാണ് ജോലി ചെയ്യുന്നത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഏവരും ആവശ്യപ്പെടുന്നത്.
ഇനിയും ഏറെ വേണം
ഹോസ്റ്റൽ നിർമ്മിച്ചിരിക്കുന്ന സ്ഥലം ടൗണിൽ നിന്ന് ഏറെ അകലെയാണ്. ബസ് സർവീസ് ഇല്ലാത്തതിനാൽ ഓട്ടോറിക്ഷയിലോ ടാക്സിയിലോ മാത്രമേ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കൂ.
ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധശല്യവും വർദ്ധിക്കുന്നുണ്ട്.
കെട്ടിടവും ശോച്യാവസ്ഥയിൽ
പ്രവർത്തനം ആരംഭിക്കാത്തതിനാൽ ലക്ഷങ്ങൾ മുടക്കി പണിത കെട്ടിടം ശോച്യാവസ്ഥയിലാണ്. അകത്ത് കൂട്ടിയിട്ടിരിക്കുന്ന ഫർണിച്ചറുകളും ദ്രവിച്ചുതുടങ്ങി. പുറത്തു നിന്നുളള ഗേറ്റ് സദാ തുറന്നിരിക്കുന്നതിനാൽ വൈകുന്നേരങ്ങളിൽ സമീപത്തെ യുവാക്കൾ ഇവിടെ കളിക്കളം നിർമ്മിച്ചിരിക്കുകയാണ്.