തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ മരുന്ന് ക്ഷാമമെന്ന വാർത്ത പുറത്തെത്തിയതിനു പിന്നാലെ ഇടപെടലുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ.ആർ.സി.സിയിലേക്ക് ആവശ്യമായ മരുന്നുകൾ മെഡിക്കൽ സർവീസ് കോർപറേഷന് കീഴിലുള്ള കാരുണ്യ ഫാർമസിയിൽ നിന്നെത്തിക്കാനും അടിയന്തര ആവശ്യത്തിനുള്ള മരുന്നുകൾ ആർ.സി.സി സ്വന്തം നിലയിൽ വാങ്ങാനും അനുമതി നൽകി. ആർ.സി.സിയിലെ മരുന്ന് ക്ഷാമത്തെക്കുറിച്ചുള്ള വിവാദത്തെ തുടർന്ന് ആരോഗ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം.
കീമോതെറാപ്പിക്കടക്കം മരുന്ന് കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും ചികിത്സ നിഷേധിക്കുന്ന അവസ്ഥയാണെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. മെഡിക്കൽ സർവീസസ് കോർപറേഷൻ മരുന്ന് വാങ്ങി നൽകാത്തതാണ് ക്ഷാമത്തിന് കാരണമെന്ന് ആർ.സി.സി.യും അടിയന്തര ഘട്ടങ്ങളിൽ സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങാൻ ആർ.സി.സിക്ക് അധികാരമുണ്ടെന്ന് മെഡിക്കൽ കോർപറേഷനും പരസ്പരം പഴിചാരുകയായിരുന്നു. വിവിധ പദ്ധതികളിൽ ഉൾപ്പെട്ട രോഗികൾക്ക് കാരുണ്യ ഫാർമസിയിൽ നിന്നോ എസ്.എ.ടി ആശുപത്രിയിലെ പേയിംഗ് കൗണ്ടറിൽ നിന്നോ മരുന്ന് വാങ്ങാം. ഇതിന്റെ വിശദാംശങ്ങൾ ആർ.സി.സിയിൽ നൽകിയാൽ ആ തുക തിരികെ നൽകും. മരുന്ന് പൂർണമായും തീരുന്ന അവസ്ഥ ഒഴിവാക്കാൻ ലോക്കൽ പർച്ചേസിന് ആർ.സി.സി.ക്ക് അനുമതി നൽകി. ആർ.സി.സി നൽകിയ പട്ടികയനുസരിച്ചുള്ള മരുന്നുകൾ മെഡിക്കൽ കോർപറേഷൻ 3 ആഴ്ചയ്ക്കുള്ളിൽ എത്തിക്കും. ഇതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.