suspension

തിരുവനന്തപുരം: കെവിൻ വധക്കേസിലെ ഒമ്പതാം പ്രതി ടിറ്റു ജെറോമിന് പൂജപ്പുര സെൻട്രൽ ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ മൂന്ന് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റും. സംഭവം അന്വേഷിച്ച ദക്ഷിണമേഖലാ ജയിൽ ഡി.ഐ.ജി അജയകുമാറാണ് ജയിൽ മേധാവി ഋഷിരാജ് സിംഗിന് ശുപാർശ നൽകിയത്. മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഡി.ഐ.ജി പറഞ്ഞു. ഹൈക്കോടതി നിർദ്ദേശപ്രകാരം ജയിൽ മേധാവി ഋഷിരാജ് സിംഗ് വിശദമായ റിപ്പോർട്ട് ജില്ലാ കോടതിയിൽ സമർപ്പിച്ചു.

ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ടി​റ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചീഫ് വെൽഫെയർ ഓഫീസർ തുടർനടപടി സ്വീകരിക്കും. തടവുകാർക്ക് ജയിൽ മാ​റ്റം ആവശ്യമെങ്കിൽ അനുവദിക്കുമെന്ന് ജയിൽവകുപ്പ്‌ കോടതിയെ അറിയിച്ചിട്ടുണ്ട്. ജയിലിനുള്ളിലേക്ക് ക്രിസ്മസ് തലേന്ന് മദ്യം കടത്തിയത് ദിവസങ്ങൾ കഴിഞ്ഞ് അറിഞ്ഞതിനെ തുടർന്ന് ടിറ്റു ജെറോമിനെ ചോദ്യം ചെയ്തവേളയിൽ മർദ്ദനമേറ്റെന്നാണ് വിവരം.

വിശ്വസ്തരായ തടവുകാരായതിനാൽ ജയിൽവളപ്പിലെ നിർമ്മാണ ജോലികൾക്കും അറ്റകുറ്റപ്പണികൾക്കും ടിറ്റു അടങ്ങിയ നാലംഗ സംഘത്തെയാണ് നിയോഗിക്കാറുള്ളത്. സ്പെഷ്യൽ സബ് ജയിലിന്റെ ഭാഗത്ത് ഡോഗ് സ്ക്വാഡ് ക്വാർട്ടേഴ്സ് അറ്റകുറ്റപ്പണിക്ക് പോയ സംഘം ശീതളപാനീയത്തിന്റെ ചെറിയ കുപ്പിയിൽ മദ്യം ജയിലിനകത്ത് എത്തിച്ചെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ പ്രത്യേക സെല്ലിലിട്ട് പൂട്ടി.

ടിറ്റുവിനെ കാണാൻ എത്തിയ ബന്ധുക്കൾക്ക് അതിനുള്ള അവസരം പലവട്ടം നിഷേധിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ടിറ്റു മർദ്ദനമേറ്റ് അവശനാണെന്ന് പുറത്തറിഞ്ഞത്.