തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് തിങ്കളാഴ്ച വിരമിക്കും. ജുഡിഷ്യൽ സർവീസിൽ 27 വർഷത്തെ പരിചയമുള്ള പി. മോഹനദാസ്, 13 വർഷം ജില്ലാ ജഡ്ജിയായിരുന്നു. എറണാകുളം കുടുംബകോടതി ജഡ്ജിയായിരിക്കെ ഒന്നര വർഷം കൊണ്ട് 6200 കേസുകൾ തീർപ്പാക്കി റെക്കാഡിട്ടിരുന്നു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പുറത്തറിയിച്ചതിൽ മോഹനദാസിന്റെ ഇടപെടലുണ്ടായി. കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് തിങ്കളാഴ്ച യാത്രഅയപ്പ് നൽകും.