കല്ലമ്പലം: നാവായിക്കുളത്ത് വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് തീവച്ചു നശിപ്പിച്ചതായി പരാതി. കടമ്പാട്ടുകോണം പുന്നവിളവീട്ടിൽ രഞ്ജിത്തിന്റെ ഹീറോ ബൈക്കാണ് കത്തിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ബൈക്ക് വച്ചിരുന്ന ഭാഗത്തെ ജനാലയിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തീ കെടുത്തിയതിനാൽ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബി.ജെ.പി പ്രവർത്തകനായ രഞ്ജിത്തും ഒരുകൂട്ടം പ്രവർത്തകരും ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ പാർട്ടിവിട്ട് സി.പി.ഐയിൽ ചേർന്നിരുന്നു. കല്ലമ്പലം മാർക്കറ്റിലെ തൊഴിലാളിയാണ് രഞ്ജിത്ത്. ഇവിടുത്തെ തൊഴിൽ സംബന്ധമായ തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. അന്വേഷണത്തിനായി ഫോറൻസിക് വിദഗ്ദ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.