തിരുവനന്തപുരം: സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കെതിരായ പരാതികളിൽ പ്രാഥമികാന്വേഷണം നടത്തിയ ശേഷമേ കേസെടുക്കാവൂ എന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റയുടെ വിവാദ നിർദ്ദേശം. ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർക്ക് സംരക്ഷണം നൽകുന്ന ഉത്തരവാണ് ഡി.ജി.പി ഇറക്കിയതെന്ന് ആക്ഷേപം ഉയർന്നു.
ഡി.ജി.പിയുടെ നിർദേശങ്ങൾ ഇപ്രകാരമാണ്:
ആരോപണങ്ങളുടെ പേരിൽ മാത്രം കേസെടുക്കരുത്. സർക്കാർ ജീവനക്കാരായതിനാൽ വസ്തുതാപരമല്ലാത്തതും വ്യക്തതയില്ലാത്തതും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടും ദുരാരോപണങ്ങൾ ഉയരാൻ സാദ്ധ്യതയേറെയാണ്. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാവൂ. ആരോപണ വിധേയന്റെ വിശദീകരണം തേടിയ ശേഷമേ തുടർനടപടി പാടുള്ളൂ. പുകമറ സൃഷ്ടിക്കുന്ന ആരോപണങ്ങൾ സർക്കാർ ജീവനക്കാരുടെ ജോലി യെയും യശ്ശസിനെയും പ്രതികൂലമായി ബാധിക്കുമെന്നും അത് ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ജില്ലാ പൊലീസ് മേധാവികൾക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും അയച്ച സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
വിമർശന വാദങ്ങൾ
സർക്കുലർ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാണെന്ന് നിയമവൃത്തങ്ങൾ പറയുന്നു. അഴിമതി നിരോധന പരാതികളിലും കേസുകളിലും ഗാർഹിക പീഡനക്കേസുകളിലും വ്യാപാര ഇടപാടുകളിലും മാത്രമാണ് പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കാൻ ലളിതകുമാരി കേസിൽ സുപ്രീംകോടതി ഉത്തരവുള്ളത്. ഇത് സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, എല്ലാ പൗരന്മാർക്കും ബാധകമാണ്. മറ്റുള്ള കേസുകളാണെങ്കിൽ സി.ആർ.പി.സി സെക്ഷൻ 154 അനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥനു കേസെടുക്കാതിരിക്കാനാകില്ല. ക്രിമിനൽ കേസുകളാണെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർക്കു സംരക്ഷണം ലഭിക്കില്ല. ഔദ്യോഗിക ഡ്യൂട്ടിയുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ഘട്ടത്തിൽ മാത്രമാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് സി.ആർ.പി.സി സെക്ഷൻ 197 അനുസരിച്ച് സംരക്ഷണം ലഭിക്കുന്നതെന്നും കേസെടുക്കുന്നതിൽ സംരക്ഷണമില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സി.ആർ.പി.സി സെക്ഷൻ 197 അനുസരിച്ചുള്ള സംരക്ഷണം പൊതുമേഖലാ ജീവനക്കാർക്ക് ബാധകവുമല്ല. സർക്കാരുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ മാത്രമാണ് സർക്കാരിന്റെ അനുമതി വേണ്ടത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് സംരക്ഷണമില്ലെന്ന് നിയമവിദഗ്ദ്ധർ പറഞ്ഞു.